അങ്ങോട്ട് പോയവർ ആരും തിരിച്ചു വന്നിട്ടില്ല ദുരൂഹതയുണർത്തി സംഭവം അദ്ധ്യായം ഒന്ന് ട്രെയ്‌ലർ പുറത്തിറങ്ങി
കേരള തമിഴ്‌നാട് അതിർത്തിയിലെ വനപ്രദേശ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഹൊറർ മിസ്റ്ററി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ട്രെയ്‌ലർ റിലീസായി. ജിത്തു സതീശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അസ്ക്കർ അലി, വിനീത് കുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
കൊച്ചി: വനത്തിനുള്ളിലെ നിഗൂഢതകളും തുടർച്ചയായുണ്ടാകുന്ന തിരോധാനങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രം 'സംഭവം അദ്ധ്യായം ഒന്ന്' (Sambhavam Adhyayam Onnu) ട്രെയ്‌ലർ പുറത്തിറങ്ങി. ജിത്തു സതീശൻ മംഗലത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു മിസ്റ്ററി ഫാന്റസി ത്രില്ലറാണ്.
"അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല" (അങ്ങോട്ട് പോയവർ ആരും ജീവനോടെ തിരിച്ചു വന്നിട്ടില്ല) എന്ന ഉദ്വേഗജനകമായ തമിഴ് സംഭാഷണത്തോടെയാണ് ട്രെയ്‌ലർ ആരംഭിക്കുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള ഒരു കാടിനുള്ളിൽ ആളുകൾ അപ്രത്യക്ഷമാകുന്നതും, അതിനുപിന്നിലെ ദുരൂഹതകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഹൊറർ ഘടകങ്ങൾക്കും സസ്പെൻസിനും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ, അസീം ജമാൽ, സെന്തിൽ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫഹദ് സിദ്ദിഖ്, ഫറാസ് മറ്റപ്പള്ളി, ഫയസ് മുഹമ്മദ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
പാലക്കാട്, തിരുവനന്തപുരം, വൈക്കം, വെള്ളൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മാർച്ച് 6-ന് പ്രദർശനത്തിനെത്തും. നവീൻ നജോസ് ഛായാഗ്രഹണവും ഗോഡ്‌വിൻ തോമസ് പശ്ചാത്തല സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. അർജുൻ പ്രകാശാണ് എഡിറ്റിങ്. പ്രമുഖ അണിയറ പ്രവർത്തകരായ പട്ടണം റഷീദ് (മേക്കപ്പ്), സമീര സനീഷ് (വസ്ത്രാലങ്കാരം) എന്നിവരും ഈ ചിത്രത്തിൻ്റെ ഭാഗമാണ്.
സസ്പെൻസ് ത്രില്ലർ പ്രേമികളെ ആവേശത്തിലാക്കുന്ന ട്രെയ്‌ലർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

