കോടികളുടെ ലഹരിമരുന്ന് കേസ് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു
കോഴിക്കോട് മുക്കത്ത് കോടികളുടെ ലഹരിമരുന്നുമായി പിടിയിലായ പ്രതി മുഹമ്മദ് ഹനീഫ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഡോദരയ്ക്ക് സമീപം രാജധാനി എക്സ്പ്രസിൽ നിന്ന് ചാടി രക്ഷപ്പെട്ടു
കോടികളുടെ ലഹരിമരുന്ന് കേസ്: തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പ്രതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടു
കോഴിക്കോട്: കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നുമായി പിടിയിലായ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് ഓടുന്ന ട്രെയിനിൽ ചാടി രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയിൽ സ്വദേശി മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയ്ക്ക് സമീപം രാജധാനി എക്സ്പ്രസിൽ നിന്ന് പുറത്തേക്ക് ചാടിയത്. ശനിയാഴ്ച പുലർച്ചെ 12.30 ഓടെയായിരുന്നു സംഭവം.
മുക്കം ഇൻസ്പെക്ടർ നിബിൻ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പൊലീസ് സംഘവും ഡാൻസാഫ് (DANSAF) ഉദ്യോഗസ്ഥരും ചേർന്ന് പ്രതിയെ തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൈവിലങ്ങോടെയാണ് പ്രതി ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതെന്നാണ് വിവരം. രക്ഷപ്പെട്ട ഹനീഫയ്ക്കായി ഗുജറാത്ത് റെയിൽവേ പൊലീസിന്റെ സഹായത്തോടെ കേരള പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് വിപണിയിൽ കോടികൾ വിലമതിക്കുന്ന 2.803 കിലോഗ്രാം എംഡിഎംഎയുമായി (MDMA) ഹനീഫയെ പൊലീസ് പിടികൂടിയത്. മുക്കം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് 500 ഗ്രാം ലഹരിമരുന്നുമായാണ് ഇയാൾ ആദ്യം വലയിലായത്. തുടർന്ന് ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ബാക്കി ലഹരിമരുന്ന് കൂടി കണ്ടെടുത്തത്. മേയ് ഒന്നിന് ഈ വാടകവീട്ടിലെത്തിച്ച് പ്രതിയുടെ പ്രാഥമിക തെളിവെടുപ്പ് പൊലീസ് പൂർത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് ലഹരിമരുന്നിന്റെ പ്രധാന ഉറവിടം തേടി ഡൽഹിയിലേക്ക് യാത്ര തിരിച്ചത്.
ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഹനീഫയ്ക്കൊപ്പം താമസിച്ചിരുന്ന ഒരു സ്ത്രീയെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ രക്ഷപ്പെടലോടെ ലഹരിമരുന്ന് മാഫിയയുടെ പ്രധാന ഉറവിടം തേടിയുള്ള അന്വേഷണത്തിന് താല്കാലിക തിരിച്ചടിയേറ്റിരിക്കുകയാണ്