വോട്ടർപട്ടിക പരിഷ്കരണം
വോട്ടർപട്ടിക പരിഷ്കരണം രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
വോട്ടർപട്ടിക പരിഷ്കരണം: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
കൊച്ചി: ജില്ലയിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെയും (ഇ.ആർ.ഒ) സംയുക്ത യോഗം ചേർന്നു. ഇലക്ടർ റോൾ ഒബ്സർവർ ടിങ്കു ബിസ്വാളിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്.
കരട് പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടെ ഹിയറിങ് കൃത്യമായി നടപ്പാക്കുക, പോളിംഗ് ബൂത്തുകളിലെ മാറ്റം, പുതിയ വോട്ടർമാരെ ചേർക്കൽ തുടങ്ങിയ വിഷയങ്ങളിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തങ്ങളുടെ നിർദ്ദേശങ്ങളും ആശങ്കകളും യോഗത്തിൽ പങ്കുവെച്ചു. എം.എൽ.എ മാരായ ടി.ജെ. വിനോദ്, അൻവർ സാദത്ത്, അനൂപ് ജേക്കബ്, ഉമ തോമസ് എന്നിവർ വിവിധ പ്രശ്നങ്ങൾ യോഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വോട്ടർപട്ടിക കുറ്റമറ്റ രീതിയിൽ പുതുക്കുന്നതിനായുള്ള നടപടികൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു.

