റോഷൻ മാത്യു ചിത്രം ഉയിർ ശ്രദ്ധേയമായി സെക്കൻ്റ് ലുക്ക് പോസ്റ്റർ ചിത്രം ജൂൺ 26 ന് തിയേറ്ററുകളിലേക്ക്
എം പത്മകുമാർ സംവിധാനം ചെയ്യുന്ന റിയലിസ്റ്റിക് ക്രൈം ത്രില്ലർ ചിത്രം ‘ഉയിർ’ സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. റോഷൻ മാത്യു, ശ്രുതി മേനോൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ജൂൺ 26 ന് തീയേറ്ററുകളിലെത്തും.
റിയലിസ്റ്റിക് ക്രൈം ത്രില്ലർ ‘ഉയിർ’: ശ്രദ്ധ നേടി സെക്കൻ്റ് ലുക്ക് പോസ്റ്റർ; ജൂൺ 26-ന് തിയേറ്ററുകളിലേക്ക്
കൊച്ചി: പ്രശസ്ത സംവിധായകൻ എം പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ എന്ന ചിത്രത്തിൻ്റെ ആകാംഷയുണർത്തുന്ന സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. റോഷൻ മാത്യു, ബൈജു സന്തോഷ്, തമിഴ് ചിത്രം ‘രാക്ഷസൻ’ലൂടെ ശ്രദ്ധേയനായ വിനോദ് സാഗർ, ശ്രുതി മേനോൻ എന്നിവരുടെ വേറിട്ട ലുക്കുകളോടെയുള്ള പോസ്റ്ററാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ജൂൺ 26-ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വൗ സിനിമാസിൻ്റെ ബാനറിൽ സന്തോഷ് ത്രിവിക്രമൻ നിർമ്മിക്കുന്ന ഈ ചിത്രം മലബാറിൽ നടന്ന ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പൂർണ്ണമായും റിയലിസ്‌റ്റിക്കും വൈകാരികവുമായ ഒരു പൊലീസ് സ്റ്റോറിയാണ് ചിത്രം ദൃശ്യാവിഷ്‌ക്കരിക്കുന്നത്. നിരവധി വഴിത്തിരിവുകളും ദുരൂഹതകളും നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘ഉയിർ’ എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
ഇൻസ്പക്ടർ അൻഷാദിൻ്റെ മൂലകഥക്ക് ഷാജി മാറാടും ലൈൻ പ്രൊഡ്യൂസർ കൂടിയായ നിഖിൽ കെ. മേനോനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. റോഷൻ മാത്യു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രുതി മേനോൻ ആണ് നായിക. ബൈജു സന്തോഷ്, അതുല്യ ചന്ദ്രൻ, വിനീത് തട്ടിൽ, ഷാജു ശ്രീധർ എന്നിവർക്കൊപ്പം തമിഴ്-മലയാളം ഭാഷകളിൽ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരങ്ങളായ സെയ്യാമി ഖേർ, മഹേഷ് ഷെട്ടി, മാസ്റ്റർ ആര്യൻ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും ചിത്രത്തിലുണ്ട്.
ഷിബു ചക്രവർത്തി, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് ഈണം പകർന്നിരിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൂർഗ്, കണ്ണൂർ, തലശ്ശേരി, മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഉയിർ’ വൗ സിനിമാസ് തന്നെയാണ് തിയേറ്ററുകളിൽ എത്തിക്കുന്നത്.
മറ്റു അണിയറപ്രവർത്തകർ: കലാസംവിധാനം: സാബുറാം, മേക്കപ്പ്: പി.വി. ശങ്കർ, കോസ്റ്റ്യൂം ഡിസൈൻ: അയിഷ സഫീർ സേട്ട്, നിശ്ചല ഛായാഗ്രഹണം: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈൻ: കൊളിൻസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: കെ.ജെ. വിനയൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രവീൺ.ബി.മേനോൻ