കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി

കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി

കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി
കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി
കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി

കിഴക്കേക്കര ആശ്രമം കുന്ന് റോഡ് അപകടക്കെണി: അധികൃതർ കണ്ണടയ്ക്കുന്നു, നാട്ടുകാർ ദുരിതത്തിൽ

​കിഴക്കേക്കര: ആശ്രമം കുന്ന് റോഡ് നാളുകളായി അപകടക്കെണിയായി മാറിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ ഒന്നടങ്കം ആരോപിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും തകർന്ന നിലയിലാണ്. ദിനംപ്രതി നൂറുകണക്കിന് ആളുകളും വാഹനങ്ങളും ആശ്രയിക്കുന്ന ഈ പാതയുടെ ശോച്യാവസ്ഥ യാത്രക്കാരെയും കാൽനടക്കാരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്.

​റോഡിന്റെ ഇടതുവശത്തെ സംരക്ഷണഭിത്തി ഇടിഞ്ഞുതാഴ്ന്നത് ഗതാഗതത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഇതുമൂലം വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. സൈഡ് കൊടുക്കുമ്പോൾ വാഹനം താഴ്ചയിലേക്ക് മറിയുമോ എന്ന ഭയം യാത്രക്കാർക്കുണ്ട്.

​ഏറെ വാഹനത്തിരക്കുള്ള ഈ റോഡിന്റെ വലതുവശത്തെ ഓടയുടെ നിരവധി സ്ലാബുകളാണ് മാസങ്ങളായി ഒടിഞ്ഞുതാഴ്ന്ന നിലയിലായത്. സ്ലാബുകൾ മാറ്റിസ്ഥാപിക്കാൻ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. സമീപത്തെ സ്കൂളുകളിലേക്ക് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഈ വഴി ദിനംപ്രതി സഞ്ചരിക്കുന്നത്.

​വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങിനിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പലപ്പോഴും കാൽനടയാത്രക്കാർക്ക് ഓടയിൽ വീണ് നിസ്സാര പരിക്കേൽക്കുന്ന സംഭവങ്ങളുണ്ടായി.

​നഗരത്തിൽ വാഹനക്കുരുക്കുകൾ ഉണ്ടാകുമ്പോൾ ഗതാഗതം വഴിതിരിച്ചുവിടുന്ന പ്രധാന പാതകളിലൊന്നാണ് ഈ റോഡ്. റോഡിന്റെ തകർച്ചയെക്കുറിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയർന്നിട്ടും യാതൊരു പ്രയോജനവുമില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അടിയന്തരമായി റോഡ് അറ്റകുറ്റപ്പണി നടത്തി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.