വോട്ടവകാശം വിനിയോഗിക്കൂ ഗോത്രമേഖലകളിൽ ആവേശമായി എറണാകുളം ജില്ലാ കളക്ടറുടെ സന്ദർശനം

നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർദ്ധിപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഗോത്രമേഖലകളിൽ നേരിട്ടെത്തി ബോധവൽക്കരണം നടത്തി.

വോട്ടവകാശം വിനിയോഗിക്കൂ ഗോത്രമേഖലകളിൽ ആവേശമായി എറണാകുളം ജില്ലാ കളക്ടറുടെ സന്ദർശനം
ജില്ലാ കളക്ടർ ജി പ്രിയങ്ക അസിസ്റ്റൻ്റ് കളക്ടർ പാർവതി ഗോപകുമാർ എന്നിവർ വാര്യയംകുടിയിൽ. തിരഞ്ഞെടുപ്പ് ബോധവൽക്കരണത്തിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ ഉന്നതി സന്ദർശനം.

​വോട്ടവകാശം വിനിയോഗിക്കൂ; ഗോത്രമേഖലകളിൽ ആവേശമായി ജില്ലാ കളക്ടറുടെ സന്ദർശനം

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് ശതമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം ജില്ലാ ഭരണകൂടം ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി. പ്രിയങ്ക വാര്യയംകുടി ഗോത്രമേഖലയിൽ നടത്തിയ സന്ദർശനം ഊരുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.

​ഗോത്രവർഗ്ഗക്കാർക്കൊപ്പം പാടിയും ആടിയും അവരിൽ ഒരാളായി മാറിയാണ് കളക്ടർ വോട്ടർ ബോധവൽക്കരണത്തിന് നേതൃത്വം നൽകിയത്. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടും എത്രത്തോളം വിലപ്പെട്ടതാണെന്ന് അവർ ഊരിലെ ജനങ്ങളെ ബോധ്യപ്പെടുത്തി. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പിൽ എല്ലാവരും പങ്കാളികളാകണമെന്നും, കുടുംബാംഗങ്ങളെയും അയൽക്കാരെയും ബൂത്തിലെത്തിക്കാൻ മുൻകൈ എടുക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.

​ചടങ്ങിൽ വെച്ച് ഊരുമൂപ്പന്മാരെയും കാണിക്കാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. മികച്ച സേവനം കാഴ്ചവെച്ച ട്രൈബൽ പ്രമോട്ടർമാർക്കും ബി.എൽ.ഒമാർക്കും ഉപഹാരങ്ങൾ വിതരണം ചെയ്തു. ഊരുമൂപ്പന്മാരുടെ നേതൃത്വത്തിൽ വോട്ടർമാർ പ്രതിജ്ഞയെടുത്തു.

​തുടർന്ന് ഗോത്രവർഗ സംസ്കാരത്തിന്റെ തനിമയാർന്ന കലാരൂപങ്ങൾ അരങ്ങേറി. കൊട്ടി, ഉറുമിശി, കുഴൽ തുടങ്ങിയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടന്ന കെന്നിഞ്ചിപിടി, കുമ്മിയടി, കൊമാളിയാട്ട് എന്നീ പരമ്പരാഗത നൃത്തങ്ങളിൽ കളക്ടറും ഉദ്യോഗസ്ഥരും പങ്കുചേർന്നു.

​ജില്ലയിൽ നൂറുശതമാനം വോട്ടിങ് ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, ഫിനാൻഷ്യൽ അസിസ്റ്റൻ്റ് എസ്. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം താളുംകണ്ടം, പൊങ്ങുംചുവട്, പിണവൂർകുടി എന്നീ മേഖലകളും സന്ദർശിച്ചിരുന്നു. കൊച്ചിൻ ആർട്സ് ആൻഡ് സയൻസ്, മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥികളും ഈ ക്യാമ്പയിനിൽ സജീവമായി പങ്കെടുത്തു.