​വിലക്കയറ്റം തടയാൻ സപ്ലൈകോ 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം

സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു. വിപണിവില നിയന്ത്രിക്കാനും സ്ഥാപനത്തെ സ്വയംപര്യാപ്തമാക്കാനും സർക്കാർ മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

​വിലക്കയറ്റം തടയാൻ സപ്ലൈകോ 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം
സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ 2026 സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ കലൂർ സ്റ്റേഡിയത്തിൽ നിർവ്വഹിക്കുന്നു. മന്ത്രി മാരായ അനുപ് ജേക്കബ്, റോജി എം ജോൺ, എം .എൽ എ മാരായ അൻവർ സാദത്ത്, ടി ജെ വിനോദ് , ഉമാ തോമസ്, മേയർ വി.കെ മിനിമോൾ ഹൈബി ഈഡൻ എം.പി എന്നിവർ സമീപം.
​വിലക്കയറ്റം തടയാൻ സപ്ലൈകോ 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം
​വിലക്കയറ്റം തടയാൻ സപ്ലൈകോ 6 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റും ഓണം മെഗാ ട്രേഡ് ഫെയറിന് തുടക്കം

​സപ്ലൈകോയെ സ്വയംപര്യാപ്തമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊച്ചി: സ്വതന്ത്രമായി വരുമാനമുണ്ടാക്കുന്ന സ്വയംപര്യാപ്തമായ സ്ഥാപനമായി സപ്ലൈകോയെ മാറ്റുക എന്നത് സർക്കാരിൻ്റെ പ്രധാന മുൻഗണനകളിലൊന്നാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. വിപണിയിടപെടലും വിലക്കയറ്റം തടയലും സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. സപ്ലൈകോയുടെ ഓണം മെഗാ ട്രേഡ് ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കലൂർ സ്റ്റേഡിയം ഹെലിപ്പാഡ് ഗ്രൗണ്ടിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 വരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

​വിപണിയിടപെട്ട് വിലക്കയറ്റം തടയുന്നതിന് സപ്ലൈകോയെ കൂടുതൽ സജ്ജമാക്കുന്നതിൻ്റെ ഭാഗമായി, വിളവെടുപ്പു കാലത്ത് തന്നെ ഉത്പന്നങ്ങൾ നേരിട്ട് വാങ്ങി സംഭരിക്കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കും. 13 ഇന സബ്സിഡി ഉത്പന്നങ്ങളിൽ അഞ്ചെണ്ണമെങ്കിലും ഇത്തരത്തിൽ സംഭരിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്ന നയം സർക്കാരിനില്ലെന്നും അവയെ സ്വയംപര്യാപ്തമാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

​വിപണിയിടപെടലിന് 253 കോടി: മന്ത്രി അനൂപ് ജേക്കബ്

​ഓണക്കാലത്തെ വിപണിയിടപെടലിനായി സർക്കാർ 253 കോടി രൂപ അനുവദിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഉപഭോക്താക്കൾക്ക് മിതമായ വിലയിൽ ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം മികച്ചൊരു ഷോപ്പിംഗ് അനുഭവം നൽകുകയാണ് മെഗാ ട്രേഡ് ഫെയറിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ഫെയറുകൾ നടക്കുന്നത്. മറ്റു ജില്ലകളിൽ ജില്ലാ ഫെയറുകളും നിയോജകമണ്ഡലങ്ങളിൽ പ്രത്യേക ഫെയറുകളും സജ്ജമാക്കിയിട്ടുണ്ട്. വരുംവർഷങ്ങളിൽ മെഗാ ട്രേഡ് ഫെയറുകൾ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

​എ.എ.വൈ കാർഡുടമകൾക്കുള്ള സൗജന്യ ഓണക്കിറ്റ് ഉദ്ഘാടനം ചെയ്തു

​മേളയിൽ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കായുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നിർവഹിച്ചു. പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, വൻപയർ, കടല അടക്കം 16 ഇനങ്ങൾ അടങ്ങിയ തുണിസഞ്ചിയാണ് ആറു ലക്ഷത്തോളം വരുന്ന എ.എ.വൈ കാർഡ് ഉടമകൾക്ക് സപ്ലൈകോ വഴി സൗജന്യമായി നൽകുന്നത്.

​ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കൊച്ചി കോർപ്പറേഷൻ മേയർ മിനിമോൾ വി.കെ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. എം.എൽ.എമാരായ ഉമാ തോമസ്, അൻവർ സാദത്ത്, ടി.ജെ. വിനോദ്, ടോണി ചമ്മണി, മനോജ് മൂത്തേടൻ, ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ജയകൃഷ്ണൻ വി.എം, വി.കെ.സി ഗ്രൂപ്പ് എം.ഡി വി.കെ.സി റസാഖ്, മുൻ എം.പി പി.സി തോമസ്, സപ്ലൈകോ ജനറൽ മാനേജർ ബിജു എം.യു തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും പങ്കെടുത്തു.

​മേളയുടെ ആകർഷണങ്ങൾ

​പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ജർമ്മൻ ഹാങ്കർ സ്ട്രക്ചറിലാണ് കലൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ മേള ഒരുക്കിയിരിക്കുന്നത്. 4000 സ്‌ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ മിൽമ, ഹോർട്ടികോർപ്, ഖാദി ഗ്രാമ വ്യവസായ ബോർഡ്, വി.കെ.സി, ക്രേസ് ബിസ്ക്കറ്റ്, സാന്റാ മോണിക്ക, മാതൃഭൂമി ബുക്സ് തുടങ്ങി പ്രമുഖ പൊതുമേഖലാ-സ്വകാര്യ സ്ഥാപനങ്ങളുടെ 22-ഓളം പ്രത്യേക സ്റ്റാളുകളും ഇവിടെ സജ്ജമാണ്. പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഓട്ടോമൊബൈൽസ് എന്നിവയുടെ വിപുലമായ ശേഖരം മേളയിലുണ്ട്.

​രാവിലെ 10 മണി മുതൽ രാത്രി 9 മണി വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം.