​മാട്രിമോണിയൽ സൈറ്റ് വഴി പരിചയം, പിന്നാലെ വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും 50 ലക്ഷം തട്ടിയ യുവതി പിടിയിൽ

മാട്രിമോണിയൽ സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും യുവാക്കളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ ആലുവ സ്വദേശിനി ഷംല ഷമീറിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു

​മാട്രിമോണിയൽ സൈറ്റ് വഴി പരിചയം, പിന്നാലെ വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും 50 ലക്ഷം തട്ടിയ യുവതി പിടിയിൽ
മാട്രിമോണിയൽ സൈറ്റുകൾ വഴിയും സോഷ്യൽ മീഡിയ വഴിയും യുവാക്കളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ ആലുവ സ്വദേശിനി ഷംല ഷമീറിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു

മാട്രിമോണിയൽ-സോഷ്യൽ മീഡിയ തട്ടിപ്പ്: ലക്ഷങ്ങൾ കവർന്ന യുവതി പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: മാട്രിമോണിയൽ സൈറ്റുകളും സമൂഹമാധ്യമങ്ങളും വഴി യുവാക്കളെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പെരുമ്പാവൂർ പോലീസിന്റെ പിടിയിലായി. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് അറസ്റ്റിലായത്. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശിയായ യുവാവിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പെരുമ്പാവൂർ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

​2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള കാലയളവിൽ പല തവണകളായാണ് ഇവർ യുവാവിൽ നിന്ന് പണം കൈക്കലാക്കിയത്. ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയുമായിരുന്നു ഇടപാടുകൾ. എന്നാൽ പണം കൈപ്പറ്റിയ ശേഷം യുവാവിനെ ബിസിനസ് പാർട്ണർ ആക്കുകയോ, വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്യാതെ യുവതി വഞ്ചിക്കുകയായിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഒടക്കാടിയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

​വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം, ആലുവ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ നിരവധി യുവാക്കൾ സമാന രീതിയിൽ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന യുവാക്കളിൽ നിന്ന് ആദ്യം ചെറിയ തുകകൾ ആവശ്യപ്പെടുകയും, പിന്നീട് വിശ്വാസ്യത നേടിയെടുത്ത് വിവാഹ വാഗ്ദാനവും ബിസിനസ് പങ്കാളിത്തവും പറഞ്ഞ് വലിയ തുകകൾ തട്ടിയെടുക്കുകയുമാണ് ഇവരുടെ രീതി. എറണാകുളത്തെ പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിനുള്ള ഓർഡർ വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷം രൂപയും, ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും ഇവർ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

​വിവാഹിതയായ ഷംല തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതി കൂടുതൽ തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

​പെരുമ്പാവൂർ എ.എസ്.പി ഹർദ്ദിക് മീണയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ അനിൽകുമാർ എൽ, എസ്.ഐമാരായ അഷറഫ്, ഷഫീഖ്, ജോജോ ജോർജ്, വിഷ്ണു മുരളി, എ.എസ്.ഐ സുബൈർ എം.ബി, സീനിയർ സി.പി.ഒമാരായ രജിത് രാജൻ, ജയന്തി എം.ബി, മുഹമ്മദ് ഷാൻ, സി.പി.ഒമാരായ നജ്മി എ.കെ, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.