കേരളത്തിൽ എംഎസ്എംഇ വായ്പകൾ ഒരു ലക്ഷം കോടി കടന്നു കൊച്ചിയിൽ സംരംഭകരോട് സംസാരിച്ച് സഞ്ജയ് മൽഹോത്ര

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സുപ്രധാന അടിത്തറയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര

കേരളത്തിൽ എംഎസ്എംഇ വായ്പകൾ ഒരു ലക്ഷം കോടി കടന്നു കൊച്ചിയിൽ സംരംഭകരോട് സംസാരിച്ച് സഞ്ജയ് മൽഹോത്ര
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി പാലാരിവട്ടം ദി റെനൈ കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

എംഎസ്എംഇകൾ വികസിത ഭാരതത്തിന്റെ അടിത്തറ: വായ്പാ വിടവ് നികത്താൻ യുഎൽഐ സംവിധാനവുമായി ആർബിഐ

കൊച്ചി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME), 'വികസിത ഭാരതം' എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സുപ്രധാന അടിത്തറയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ എംഎസ്എംഇ സംരംഭകർക്കായി പാലാരിവട്ടം ദി റെനൈ കൊച്ചിയിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​ചെറുകിട വ്യവസായ മന്ത്രാലയത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചതുമുതലുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച അദ്ദേഹം, കേരളത്തിന്റെ പരമ്പരാഗത കയർ, സുഗന്ധവ്യഞ്ജന വ്യവസായങ്ങളുടെ പ്രാധാന്യവും നിലവിലെ ഐടി, ടൂറിസം, ഫിൻടെക്, ക്ലീൻ എനർജി മേഖലകളിലെ മുന്നേറ്റവും പ്രത്യേകം എടുത്തുപറഞ്ഞു.

​മികച്ച വളർച്ചയുമായി എംഎസ്എംഇ മേഖല

ദേശീയ ജിഡിപിയുടെ 31 ശതമാനവും ഉൽപ്പാദനത്തിന്റെ 45 ശതമാനവും സംഭാവന ചെയ്യാനുള്ള ശേഷി എംഎസ്എംഇ മേഖലയ്ക്കുണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. മുൻഗണനാ മേഖല വായ്പകൾ, 20 ലക്ഷം രൂപയായി ഉയർത്തിയ ഈടുരഹിത വായ്പകൾ, സിജിടിഎംഎസ്ഇ ഫണ്ട്, ട്രെഡ്സ് പ്ലാറ്റ്‌ഫോം, അക്കൗണ്ട് അഗ്രിഗേറ്റർ ഫ്രെയിംവർക്ക് തുടങ്ങിയ ആർബിഐയുടെ വിവിധ സാമ്പത്തിക നയങ്ങൾ ഈ മേഖലയ്ക്ക് വലിയ പിന്തുണയാണ് നൽകുന്നത്.

​കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ബാങ്ക് ക്രെഡിറ്റ് 14 ശതമാനം വളർച്ച കൈവരിച്ചപ്പോൾ എംഎസ്എംഇ മേഖലയിലേക്കുള്ള വായ്പാ വിതരണത്തിൽ 19 ശതമാനം വാർഷിക വളർച്ച നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഏകദേശം 37 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് ഈ മേഖലയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ മാത്രം ഒരു ലക്ഷം കോടി രൂപയുടെ വായ്പാ ഔട്ട്സ്റ്റാൻഡിങ് കൈവരിക്കാനായതും കഴിഞ്ഞ അഞ്ച് വർഷത്തിൽ 13.5 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തിയതും വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

​ലോൺ ഇനി വേഗത്തിലാകും; വരുന്നു 'യുഎൽഐ'

മേഖലയിലെ വായ്പാ വിടവ് ഇനിയും പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും അത് വേഗത്തിൽ ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. വായ്പാ വിതരണം കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ യുപിഐ മാതൃകയിൽ 'യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ്' (ULI) എന്ന പുതിയ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സംവിധാനം ആർബിഐ വികസിപ്പിച്ചുവരികയാണെന്ന് ഗവർണർ അറിയിച്ചു.

​ഉപഭോക്താക്കളുടെ സമ്മതത്തോടെ ജിഎസ്ടി ഡാറ്റ, ബാങ്ക് വിവരങ്ങൾ, മറ്റ് ഔദ്യോഗിക രേഖകൾ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് ബാങ്കുകൾക്കും എൻബിഎഫ്‌സികൾക്കും വായ്പ വിലയിരുത്തൽ എളുപ്പമാക്കാൻ യുഎൽഐ സഹായിക്കും. എംഎസ്എംഇകളെ വെറുമൊരു റെഗുലേറ്ററി ബാധ്യതയായി കാണാതെ ദീർഘകാല ബിസിനസ്സ് പങ്കാളികളായി കാണാൻ ബാങ്കുകളോട് അദ്ദേഹം ആവശ്യപ്പെട്ടു. പാൻ ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് യുആർസിയുടെ (URC) കീഴിലുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കാനും സാങ്കേതികവിദ്യയിലും ഇന്നൊവേഷനുകളിലും  നിക്ഷേപം നടത്തി വിപണിയിലെ വിശ്വാസ്യത നേടിയെടുക്കാനും സംരംഭകരോട് ഗവർണർ ആഹ്വാനം ചെയ്തു. റീജിയണൽ ഓഫീസുകൾ വഴി ടൗൺ ഹാളുകളും കപ്പാസിറ്റി ബിൽഡിംഗ് പ്രോഗ്രാമുകളും നടത്തി ഈ മേഖലയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ആർബിഐ തുടർന്നും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക, കേരള-ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ പ്രവീൺ കുമാർ വസന്ത രാമചന്ദ്രൻ, സെൻട്രൽ ഓഫീസ് ചീഫ് ജനറൽ മാനേജർ ആർ. ഗിരിധരൻ, കൊച്ചി ആർ.ബി.ഐ. ജനറൽ മാനേജർ പ്രമോദ് കുമാർ, കാനറ ബാങ്ക് സീനിയർ മാനേജർ പ്രവീൺ മൈക്കിൾ, സിഡ്ബി കൊച്ചി ബ്രാഞ്ച് ഡെപ്യൂട്ടി ജനറൽ മാനേജർ ടി. ഷാജു റാഫേൽ, തിരുവനന്തപുരം ആർ.ബി.ഐ. ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ വി. ജി. മണികണ്ഠൻ, ധനകാര്യ-വ്യവസായ മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു