700 ഗ്രാം ഭാരത്തിൽ ജനിച്ച കുഞ്ഞിന് ആലപ്പുഴ മെഡിക്കൽ കോളേജിൽ പുനർജന്മം
25 ആഴ്ചയിൽ 700 ഗ്രാം മാത്രം ഭാരത്തിൽ ജനിച്ച കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെയും മൂന്ന് മാസത്തെ പരിചരണത്തിലൂടെയും ജീവിതത്തിലേക്ക് തിരിച്ചെത്തി. ഗുരുതര ആരോഗ്യപ്രശ്നങ്ങളെ അതിജീവിച്ച കുഞ്ഞ് 1.5 കിലോഗ്രാം ഭാരത്തോടെയാണ് ഡിസ്ചാർജ് ആയത്.
700 ഗ്രാം ഭാരത്തിൽ ജനിച്ച കുഞ്ഞ്; ആലപ്പുഴ മെഡിക്കൽ കോളേജിൽ മൂന്ന് മാസത്തെ പരിചരണത്തിലൂടെ അത്ഭുതകരമായ അതിജീവനം
ആലപ്പുഴ: ആധുനിക വൈദ്യശാസ്ത്രത്തിന്റെ വലിയൊരു വിജയമായി, 25 ആഴ്ച മാത്രം വളർച്ചയിൽ 700 ഗ്രാം ഭാരത്തിൽ ജനിച്ച കുഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ മൂന്ന് മാസത്തെ തീവ്രപരിചരണത്തിനൊടുവിൽ ജീവിതത്തിലേക്ക്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ വിജയകരമായി അതിജീവിച്ച് 1.5 കിലോഗ്രാം ഭാരത്തോടെയാണ് കുഞ്ഞിനെ ഡിസ്ചാർജ് ചെയ്തത്.
ജനിച്ച ഉടൻ തന്നെ കുഞ്ഞിന് ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം കണ്ടെത്തിയിരുന്നു. തുടർന്ന് അടിയന്തര ചികിത്സയും വെന്റിലേറ്റർ സഹായവും നൽകി. ആധുനിക ഉപകരണങ്ങളുടെ പിന്തുണയോടെ കുഞ്ഞിനെ സ്വയം ശ്വസിക്കുന്ന നിലയിലേക്ക് ഡോക്ടർമാർ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടയിൽ പ്രിമേച്വർ അനീമിയ, അക്യൂട്ട് കിഡ്നി ഇഞ്ചുറി, കടുത്ത അണുബാധ തുടങ്ങി നിരവധിയായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെങ്കിലും നിയോനറ്റോളജി ഐസിയുവിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും വിദഗ്ധ സംഘത്തിന്റെ സമഗ്ര പരിചരണത്തിലൂടെ ഇവയെല്ലാം പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കാൻ സാധിച്ചു.
കൂടാതെ, പ്രായമാകാതെ ജനിക്കുന്ന ശിശുക്കളിൽ കണ്ടുവരുന്ന 'റെറ്റിനോപ്പതി ഓഫ് പ്രിമേച്യുരിറ്റി' (ROP) എന്ന രോഗബാധയെ തുടർന്ന് കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും അവിടെ വെച്ച് ലേസർ ചികിത്സ നൽകുകയും ചെയ്തു.
സ്വകാര്യ ആശുപത്രികളിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുന്ന സങ്കീർണ്ണമായ ചികിത്സയാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ സാധ്യമാക്കിയത്. ശിശുരോഗ വിഭാഗം എച്ച്.ഒ.ഡി. ഡോ. സിറിൽ റൊസാരിയോ, ന്യൂബോൺ ചീഫ് ഡോ. ലതിക, ഡോ. സൂസി, നിയോനറ്റോളജിസ്റ്റ് ഡോ. ടിസ്സ, ഹെഡ് സിസ്റ്റർ ഷീജ പി തുടങ്ങിയവർ ഉൾപ്പെടുന്ന വിദഗ്ധ സംഘമാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. നീണ്ട കാലയളവിൽ വിജയകരമായ ഫോളോ അപ്പ് നിർവഹിച്ച മുഴുവൻ ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും ടീമിനെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ലക്ഷ്മി പി.എൽ അഭിനന്ദിച്ചു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
