കരിഞ്ചന്തയും പൂഴ്ത്തിവെപ്പും പൂട്ടാൻ സംയുക്ത സ്ക്വാഡ് ഓണവിപണിയിൽ പരിശോധന ശക്തം
ഓണവിപണിയിലെ അസ്വാഭാവിക വിലവർധനയും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡ് പരിശോധന ആരംഭിച്ചു. ആഗസ്റ്റ് 25 വരെ പരിശോധന ശക്തമായി തുടരും.
ഓണവിപണിയിലെ വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ കർശന പരിശോധന; ജില്ലയിൽ സംയുക്ത സ്ക്വാഡ് പ്രവർത്തനം തുടങ്ങി
ആലപ്പുഴ : ഓണവിപണിയിലെ അവശ്യസാധനങ്ങളുടെ അസ്വാഭാവിക വിലവർധന നിയന്ത്രിക്കുന്നതിനും വിലനിലവാരം ഏകീകരിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനുമായി ജില്ലയിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധനകൾക്ക് തുടക്കമായി. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഭക്ഷ്യപൊതുവിതരണം, ഭക്ഷ്യസുരക്ഷ, ലീഗൽ മെട്രോളജി, റവന്യൂ, പൊലീസ് വകുപ്പുകളെ ഉൾപ്പെടുത്തിയാണ് ജില്ലാ-താലൂക്കുതല സംയുക്ത സ്ക്വാഡ് രൂപീകരിച്ചിരിക്കുന്നത്.
പൊതുവിപണി പരിശോധന കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്നിന് ജില്ലയിലെ 29 സ്ഥാപനങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തി. അമിതവില ഈടാക്കാതിരിക്കാനും പൊതുജനങ്ങൾ കാണത്തക്കവിധം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാനും വ്യാപാരികൾക്ക് സ്ക്വാഡ് കർശന നിർദ്ദേശം നൽകി. അമിത വില ഈടാക്കുകയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതുമായ വ്യാപാരികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പരിശോധനാ വേളയിൽ മുന്നറിയിപ്പ് നൽകി. തുടർദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് സ്ക്വാഡ് അറിയിച്ചു.
ഹോട്ടലുകളിലെയും ബേക്കറികളിലെയും അമിതവിലയ്ക്കെതിരെ നടപടി
പാചകവാതക സിലിണ്ടർ നിയന്ത്രണം പിൻവലിച്ചിട്ടും ജില്ലയിലെ ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ ചായ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കേണ്ടതുണ്ട്. നിശ്ചിത വിലയിലും അധികമായി മറ്റ് ചാർജുകൾ ഈടാക്കുന്നത് നിയമവിധേയമല്ലാത്തതിനാൽ ഇതുസംബന്ധിച്ച് പരാതികളുണ്ടായാൽ അന്വേഷിച്ച് കർശന നടപടി സ്വീകരിക്കും.
പ്രധാന നിർദ്ദേശങ്ങൾ:
പഴം, പച്ചക്കറി, പലചരക്ക് വിൽപന കേന്ദ്രങ്ങളിലും മത്സ്യ മാർക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം.
മൊത്ത പലചരക്ക് സ്ഥാപനങ്ങൾ സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.
ഹോട്ടലുകളിലും ബേക്കറികളിലും മറ്റ് സ്ഥാപനങ്ങളിലും ഗാർഹിക സിലിണ്ടറുകൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സിലിണ്ടറുകൾ കണ്ടുകെട്ടി പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കും.
ഒരു താലൂക്കിൽ തന്നെയുള്ള വിവിധ മാർക്കറ്റുകളിൽ ഒരേ സാധനങ്ങൾക്ക് പ്രകടമായ വിലവ്യത്യാസം ശ്രദ്ധയിൽപ്പെടുന്ന പക്ഷം കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഓണത്തിന് മുന്നോടിയായി പ്രധാന മാർക്കറ്റുകളിൽ ജില്ലാ കളക്ടർ നേരിട്ട് പരിശോധനകൾ നടത്തുമെന്നും ആഗസ്റ്റ് 25 വരെ ജില്ലാ-താലൂക്കുതല സംയുക്ത സ്ക്വാഡ് പരിശോധന കർശനമായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി