ജ്യോതികയുടെ നിർമ്മാണത്തിൽ സൂര്യ 47 സീൻ ടൈറ്റിൽ ടീസർ പുറത്തുവിട്ടു
സൂര്യയെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സീൻ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തിറങ്ങി. നസ്‌ലൻ, നസ്രിയ നസീം എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 2026 നവംബർ 6 ന് തിയേറ്ററുകളിലെത്തും.
സൂര്യ - ജിത്തു മാധവൻ ചിത്രം 'സീൻ'; ടൈറ്റിൽ ടീസർ പുറത്തുവിട്ടു, റിലീസ് ദീപാവലിക്ക്
ചെന്നൈ: തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്തുവിട്ടു. 'സീൻ' (Scene) എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂര്യയുടെ 47-ാമത് സിനിമയാണ്. ഴഗരം സ്റ്റുഡിയോസിന്റെ ബാനറിൽ നടി ജ്യോതികയാണ് ചിത്രം നിർമ്മിക്കുന്നത്. 2026 നവംബർ 6-ന് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.
മാസ് ആക്ഷനും കോമഡിയും കോർത്തിണക്കി ഏറെ സ്റ്റൈലിഷ് ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടൈറ്റിൽ ടീസർ നൽകുന്ന സൂചന. മലയാളി താരങ്ങളായ നസ്‌ലൻ, നസ്രിയ നസീം എന്നിവർ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നു. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ മാസ് എന്റെർറ്റൈനെറിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് സിനിമ കൂടിയാണിത്. മലയാളി സംഗീത സംവിധായകൻ സുഷിൻ ശ്യാം ആദ്യമായി തമിഴിൽ സംഗീതം പകരുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സോണി മ്യൂസിക് സൗത്ത് സ്വന്തമാക്കി.
ജോൺ വിജയ്, ആനന്ദ് രാജ്, ലാൽ, രാജ് പ്രിയൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയശ്രീ ദാമോദരൻ സഹനിർമ്മാണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിനീത് അഗസ്റ്റിനും എഡിറ്റിംഗ് അജ്മൽ സാബുവും കൈകാര്യം ചെയ്യുന്നു.
പ്രൊഡക്ഷൻ ഡിസൈൻ: അശ്വിനി കാലേ, സംഘട്ടനം: ചേതൻ ഡിസൂസ,ചിത്രത്തിന്റെ മുഴുവൻ താരനിരയെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.