കടലിൽ ജീവിക്കുന്നവനല്ല, കടൽ ഭരിക്കുന്നവൻ വിശാലിന്റെ മകുടം ടീസർ പുറത്ത് മൂന്ന് ഗെറ്റപ്പുകളിൽ താരം

​തെന്നിന്ത്യൻ ആക്ഷൻ താരം വിശാൽ ആദ്യമായി സംവിധാനം ചെയ്യുന്ന മകുടം സിനിമയുടെ പവർ പാക്ക്ഡ് ടീസർ പുറത്തിറങ്ങി. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന വിശാലിൻ്റെ ചിത്രം ജൂലൈയിൽ തീയേറ്ററുകളിലെത്തും.

കടലിൽ ജീവിക്കുന്നവനല്ല, കടൽ ഭരിക്കുന്നവൻ വിശാലിന്റെ മകുടം ടീസർ പുറത്ത് മൂന്ന് ഗെറ്റപ്പുകളിൽ താരം
സിനിമ പോസ്റ്റർ

ആക്ഷൻ ലഹരിയിൽ വിശാലിൻ്റെ 'മകുടം'; തീപാറുന്ന ടീസർ പുറത്തുവിട്ടു

കൊച്ചി: തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന വിശാൽ ചിത്രം 'മകുട'ത്തിൻ്റെ ഔദ്യോഗിക ടീസർ പുറത്തിറങ്ങി. മുൻനിര ആക്ഷൻ താരം എന്ന നിലയിൽ നിന്നും വിശാൽ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രം കൂടിയാണിത്. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഈ ഹൈ വോൾട്ടേജ് ആക്ഷൻ ടീസർ.

​ഒരു വൃദ്ധൻ്റെ വേഷം ഉൾപ്പെടെ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടീസറിൽ വിശാൽ പ്രത്യക്ഷപ്പെടുന്നത്. കത്തുന്ന തീയിൽ നിന്നും വിശാൽ സിഗരറ്റ് കൊളുത്തുന്ന മാസ്സ് സീനോടെയാണ് ടീസർ ആരംഭിക്കുന്നത്. കടലിൻ്റെ പശ്ചാത്തലത്തിലുള്ള അതിശയിപ്പിക്കുന്ന ചേസിങ് രംഗങ്ങളും കിടിലൻ സംഘട്ടനങ്ങളും ടീസറിൻ്റെ പ്രധാന ആകർഷണമാണ്. "ഞാൻ കടലിൽ ജീവിക്കുന്നവനല്ല, ആ കടലിനെ ഭരിക്കുന്നവനാണ്" എന്ന അർത്ഥം വരുന്ന തമിഴ് പഞ്ച് ഡയലോഗോടെയാണ് ടീസർ അവസാനിക്കുന്നത്. തികച്ചും ഒരു ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ വിരുന്നായിരിക്കും ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്.

​പ്രശസ്ത തെന്നിന്ത്യൻ നിർമ്മാണ കമ്പനിയായ 'സൂപ്പർ ഗുഡ് ഫിലിംസ്' നിർമ്മിക്കുന്ന 99-ാമത് ചിത്രമാണിത്. വിശാലിന്റെ കരിയറിലെ 35-ാം ചിത്രമെന്ന പ്രത്യേകതയും മകുടത്തിനുണ്ട്. തുഷാരാ വിജയൻ നായികയാകുന്ന ചിത്രത്തിൽ പ്രമുഖ താരം അഞ്ജലിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

​ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. റിച്ചാർഡ് എം നാഥൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ചെന്നൈ, ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ 'മകുടം' വരും വർഷം ജൂലൈയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും