മാറുന്ന ലോകത്തിനൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ മികച്ച വിജയികൾക്കായി ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച എം.പി അവാർഡ് 2026 മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഉന്നതവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളെക്കുറിച്ചും ആഗോള തൊഴിൽ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മാറുന്ന ലോകത്തിനൊപ്പം ഉന്നതവിദ്യാഭ്യാസ മേഖലയും മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
എറണാകുളം: ലോകത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന വിജ്ഞാന വിസ്ഫോടനത്തിനൊപ്പം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയും കാലോചിതമായി മാറേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി ഹൈബി ഈഡൻ എം.പി സംഘടിപ്പിച്ച 'എം.പി അവാർഡ് 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നിലവിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യാ ഘടനയിൽ വരുന്ന മാറ്റങ്ങളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. യുവാക്കളുടെ എണ്ണം കുറയുന്നത് ആശങ്കാജനകമാണ്. മുൻപ് കേരളത്തിന്റെ കരുത്തായിരുന്ന ഉത്പാദനക്ഷമതയുള്ള യുവജനസമ്പത്ത് (ഡെമോഗ്രാഫിക് ഡിവിഡൻഡ്) ഇന്ന് വലിയ രീതിയിൽ കുറഞ്ഞുവരികയാണ്. ഇതിന് പ്രധാന കാരണം ഉയർന്ന പഠനത്തിനും മികച്ച ജോലിക്കുമായി യുവാക്കൾ കൂട്ടത്തോടെ വിദേശങ്ങളിലേക്ക് കുടിയേറുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
വിദേശത്തേക്ക് പോകുന്ന നമ്മുടെ കുട്ടികളെ നാട്ടിൽ തന്നെ നിർത്താൻ ഉതകുന്ന മികച്ച തൊഴിൽ-പഠന അന്തരീക്ഷം ഇവിടെയൊരുക്കാനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ലോകത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിക്കുന്നത്. വരുംവർഷങ്ങളിൽ മനുഷ്യബുദ്ധിയെപ്പോലും മറികടക്കുന്ന രീതിയിലേക്ക് എ.ഐ വളരുമെന്നും ഇത് നിലവിലുള്ള പല തൊഴിലവസരങ്ങളും ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ഈ മാറ്റങ്ങളെ മുൻകൂട്ടി കണ്ട് പുതിയ തൊഴിൽ സാധ്യതകൾ കണ്ടെത്താനായി 'ഗ്ലോബൽ ജോബ് വാച്ച് ടവർ' കേരളത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ആഗോളതലത്തിലെ തൊഴിൽ മാറ്റങ്ങൾ നിരീക്ഷിച്ച് അതിനനുസരിച്ച് നമ്മുടെ സർവ്വകലാശാലകളിലെ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയാൽ ഉടൻ തന്നെ അവർക്ക് മികച്ച ജോലി ഉറപ്പാക്കാൻ കോർപ്പറേറ്റുകളുമായും അന്താരാഷ്ട്ര വ്യവസായ സ്ഥാപനങ്ങളുമായും വിദ്യാഭ്യാസ മേഖലയെ ബന്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാട്ടിൽ തന്നെ പഠിച്ച് മാതാപിതാക്കൾക്കൊപ്പം ജീവിക്കാനുള്ള അവസരം വരുംതലമുറയ്ക്ക് ഉണ്ടാകണം. പുതിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ പല കോണുകളിൽ നിന്നും എതിർപ്പുകളും വിമർശനങ്ങളും സ്വാഭാവികമാണ്. എന്നാൽ നാടിയുടെയും കുട്ടികളുടെയും ഭാവിക്കായി ശരിയായ കാര്യങ്ങൾ ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 2100 കുട്ടികളാണ് അവാർഡ് ഏറ്റുവാങ്ങിയത്. ഹൈബി ഈഡൻ എം.പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്‌ത സിനിമാതാരം മഞ്ജു വാര്യർ മുഖ്യാതിഥിയായി പങ്കെടുത്തു.
ഉമ തോമസ് എം.എൽ.എ, മേയർ വി.കെ. മിനി മോൾ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്‌സൺ റാഷിദ് ഉള്ളംപിള്ളി, ജില്ലാ കളക്ടർ ജി. പ്രിയങ്ക, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം ജോസഫ്, രാജഗിരി കോളേജ് പ്രിൻസിപ്പാൾ ഫാദർ ജയ്സൺ പോൾ മുളെരിക്കൽ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മനോജ്, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയുടെ വയലിൻ വിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി.