പൃഥ്വിരാജ് ചിത്രം ഐ നോബഡി ക്ക് മദ്രാസ് ഹൈക്കോടതിയുടെ ജോൺ ഡോ ഉത്തരവ് വ്യാജപതിപ്പ് ഇറക്കിയാൽ കളി മാറും
പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഐ നോബഡി സിനിമയുടെ പകർപ്പവകാശം സംരക്ഷിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ചരിത്രപരമായ പൈറസി വിരുദ്ധ ജോൺ ഡോ (അശോക് കുമാർ) ഉത്തരവ്.
പൃഥ്വിരാജ് ചിത്രം 'ഐ നോബഡി'ക്ക് പൈറസി വിരുദ്ധ 'ജോൺ ഡോ' കോടതി ഉത്തരവ്; വ്യാജപതിപ്പുകൾ പ്രചരിപ്പിച്ചാൽ കടുക്കും
ചെന്നൈ: മലയാള സിനിമ കാത്തിരിക്കുന്ന പൃഥ്വിരാജ് സുകുമാരൻ-പാർവതി തിരുവോത്ത് ചിത്രം 'ഐ നോബഡി'യുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനായി മദ്രാസ് ഹൈക്കോടതിയുടെ ശക്തമായ പൈറസി വിരുദ്ധ 'ജോൺ ഡോ (അശോക് കുമാർ)' ഉത്തരവ്. ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് വേണ്ടി അഡ്വ. സ്വേത ശ്രീധർ സമർപ്പിച്ച ഹർജിയിലാണ് ബഹുമാനപ്പെട്ട ജസ്റ്റിസ് കെ. കുമരേഷ് ബാബു ചരിത്രപരമായ ഈ ഉത്തരവ് പുറപ്പെടുവിച്ചത് (Original Application No. 684 of 2026, C.S. (Comm. Div.) No. 197 of 2026).
സിനിമയുടെ തിയേറ്റർ റിലീസിന് മുന്നോടിയായി വ്യാജപതിപ്പുകൾ ഇറങ്ങുന്നത് തടയാൻ മുൻകൂട്ടി വാങ്ങുന്ന പ്രത്യേക സംരക്ഷണ ഉത്തരവാണ് 'ജോൺ ഡോ'. ഇതനുസരിച്ച് ചിത്രത്തിന്റെ അനധികൃത ചിത്രീകരണം (കാംകോർഡിംഗ്), റെക്കോർഡിംഗ്, പകർപ്പെടുക്കൽ, ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്യൽ, പ്രക്ഷേപണം, വിതരണം, സോഷ്യൽ മീഡിയ വഴിയുള്ള പങ്കുവെക്കൽ എന്നിവയുൾപ്പെടെ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കോടതി പൂർണ്ണമായി വിലക്കിയിട്ടുണ്ട്.
തിയേറ്ററുകളിലോ പ്രിവ്യൂ ഷോകളിലോ അനധികൃതമായി ദൃശ്യങ്ങൾ പകർത്തുന്നവർ, പൈറേറ്റഡ് ഉള്ളടക്കം തടയുന്നതിൽ വീഴ്ച വരുത്തുന്ന കേബിൾ-ഡി.ടി.എച്ച് ഓപ്പറേറ്റർമാർ, ഇന്റർനെറ്റ് സേവനദാതാക്കൾ (ISP) എന്നിവർക്കെതിരെ ഈ ഉത്തരവ് പ്രകാരം കർശന നടപടിയുണ്ടാകും. കൂടാതെ വ്യാജ ലിങ്കുകൾ ഹോസ്റ്റ് ചെയ്യുന്ന വെബ്സൈറ്റുകൾ, ടോറന്റ് സൈറ്റുകൾ, വാട്സ്ആപ്പ് ഉൾപ്പെടെയുള്ള മെസേജിംഗ് ആപ്പുകൾ, ടെലിഗ്രാം ഗ്രൂപ്പുകൾ, മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയും നിരീക്ഷണത്തിലായിരിക്കും.
വ്യാജപതിപ്പുകൾ ശ്രദ്ധയിൽപ്പെടുന്ന മുറയ്ക്ക്, പ്രത്യേക കോടതി ഉത്തരവുകൾക്കായി കാത്തുനിൽക്കാതെ തന്നെ അത്തരം വെബ്സൈറ്റുകളും ലിങ്കുകളും ഉടനടി ബ്ലോക്ക് ചെയ്യാനും നീക്കം ചെയ്യാനും ഇന്റർനെറ്റ് സേവനദാതാക്കൾക്കും ബന്ധപ്പെട്ട അധികാരികൾക്കും നിർമ്മാതാക്കൾക്ക് ഈ ഉത്തരവിലൂടെ നേരിട്ട് അധികാരം ലഭിക്കും.
സിനിമാറ്റോഗ്രാഫ് ആക്ട് (1952), കോപ്പിറൈറ്റ് ആക്ട് (1957), ഇൻഫർമേഷൻ ടെക്നോളജി ആക്ട് (2000) എന്നിവ പ്രകാരം സിനിമയുടെ പൈറസി കനത്ത പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. 'ഐ നോബഡി' സിനിമയുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്ന വ്യക്തികൾക്കെതിരെയും ഗ്രൂപ്പുകൾക്കെതിരെയും യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കൾ വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട പൈറസി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങളും തിയേറ്റർ ഉടമകളും ഉടനടി വിവരങ്ങൾ നിർമ്മാതാക്കളെയോ അധികാരികളെയോ അറിയിക്കണമെന്നും അണിയറപ്രവർത്തകർ അഭ്യർത്ഥിച്ചു.