മലപ്പുറം ജില്ല വിഭജിക്കണം നൂറാം വാർഷിക വേദിയിൽ പ്രമേയം പാസാക്കി സമസ്ത

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കാസർകോട് നടന്ന നൂറാം വാർഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. പ്രവാസി പ്രശ്നങ്ങളിലും സമസ്ത ഇടപെടുന്നു.

മലപ്പുറം ജില്ല വിഭജിക്കണം നൂറാം വാർഷിക വേദിയിൽ പ്രമേയം പാസാക്കി സമസ്ത
മലപ്പുറം ജില്ല വിഭജിക്കണം നൂറാം വാർഷിക വേദിയിൽ പ്രമേയം പാസാക്കി സമസ്ത

മലപ്പുറം ജില്ല വിഭജിക്കണം: നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം പാസാക്കി സമസ്ത

​കാസർകോട്: കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. കാസർകോട് നടന്ന സമസ്തയുടെ നൂറാം വാർഷിക ആഘോഷ ചടങ്ങിലാണ് ഭരണനിർവ്വഹണം സുഗമമാക്കുന്നതിനായി ജില്ലാ പുനർനിർണയം നടത്തണമെന്ന സുപ്രധാന പ്രമേയം പാസാക്കിയത്.

​ജനസംഖ്യാ വർധനവും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും പരിഗണിച്ച് ശാസ്ത്രീയമായ പഠനങ്ങളിലൂടെ പുതിയ ജില്ലകൾ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടി. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ലയിൽ നിലവിലെ സംവിധാനങ്ങൾ ഉപയോഗിച്ച് വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും ഭരണം കാര്യക്ഷമമാക്കുന്നതിനും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് പ്രമേയം വ്യക്തമാക്കുന്നു.

​തമിഴ്‌നാട് മാതൃകയാക്കണം

​39 പാർലമെന്റ് മണ്ഡലങ്ങളുള്ള തമിഴ്‌നാട്ടിൽ 38 ജില്ലകളുണ്ടെന്ന വസ്തുത ചൂണ്ടിക്കാട്ടിയ സമസ്ത, കേരളത്തിലും സമാനമായ രീതിയിൽ മാറ്റങ്ങൾ വരണമെന്ന് ആവശ്യപ്പെട്ടു. മലപ്പുറത്തിന് പുറമെ ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ യാത്രാക്ലേശവും ഭൂപ്രകൃതിയും കണക്കിലെടുത്ത് പുനർനിർണയം നടത്തണം. പുതിയ ജില്ലകൾ വരുന്നതോടെ സിവിൽ സ്റ്റേഷനുകളും ആശുപത്രികളും ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിലെത്തുമെന്നും ഇത് പിന്നാക്ക മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് വേഗത കൂട്ടുമെന്നും പ്രമേയത്തിൽ പറയുന്നു.

​പ്രവാസികളുടെ യാത്രാ ദുരിതം

​വിമാനക്കമ്പനികൾ നടത്തുന്ന കൊള്ളയ്‌ക്കെതിരെയും സമ്മേളനത്തിൽ പ്രമേയം പാസാക്കി. സീസൺ സമയങ്ങളിൽ ടിക്കറ്റ് നിരക്ക് അമിതമായി വർധിപ്പിക്കുന്നത് പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്. വിമാന നിരക്ക് നിയന്ത്രിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി വോട്ടവകാശം ഉറപ്പാക്കണമെന്നും സമസ്ത ആവശ്യപ്പെട്ടു.