എറണാകുളം ജില്ലയിൽ പാചകവാതക വിതരണം സുഗമം ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

എറണാകുളം ജില്ലയിലെ പാചകവാതക വിതരണത്തിൽ തടസ്സമില്ലെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക. 25 ദിവസത്തേക്കുള്ള സ്റ്റോക്ക് ഉണ്ടെന്നും അനാവശ്യ ബുക്കിംഗ് ഒഴിവാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

എറണാകുളം ജില്ലയിൽ പാചകവാതക വിതരണം സുഗമം ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ
എറണാകുളം ജില്ലയിൽ പാചകവാതക വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

എറണാകുളം ജില്ലയിൽ പാചകവാതക വിതരണം സുഗമം; ആശങ്ക വേണ്ടെന്ന് ജില്ലാ കളക്ടർ

​കൊച്ചി: എറണാകുളം ജില്ലയിൽ പാചകവാതക (LPG) വിതരണത്തിന് തടസ്സമില്ലെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി വിളിച്ചുചേർത്ത ഏജൻസി പ്രതിനിധികളുടെയും കമ്പനി ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗത്തിന് ശേഷമാണ് കളക്ടറുടെ വിശദീകരണം.

​അടുത്ത 25 ദിവസത്തേക്ക് ആവശ്യമായ സ്റ്റോക്ക് നിലവിൽ കമ്പനികളുടെ പക്കലുണ്ട്. പെട്ടെന്നുണ്ടായ അമിത ബുക്കിംഗ് കാരണം സോഫ്റ്റ്‌വെയറുകളിൽ ചില സാങ്കേതിക തടസ്സങ്ങൾ നേരിട്ടെങ്കിലും അത് പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. വിതരണത്തിൽ ഒരു സിലിണ്ടർ മാത്രമുള്ള ഉപഭോക്താക്കൾക്ക് മുൻഗണന നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

​ഗ്യാസ് ഏജൻസികളിൽ നേരിട്ടെത്തി 'ക്യാഷ് ആൻഡ് ക്യാരി' രീതിയിൽ സിലിണ്ടർ വാങ്ങുന്നത് നിയമവിരുദ്ധമാണെന്നും അതിനാൽ ഉപഭോക്താക്കൾ ഗോഡൗണുകളിലോ ഏജൻസികളിലോ തിരക്ക് കൂട്ടേണ്ടതില്ലെന്നും കളക്ടർ വ്യക്തമാക്കി. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

​ക്രമക്കേടുകൾ തടയാൻ ജില്ലയിലെ ഏഴ് താലൂക്കുകളിലായി ഒൻപത് സ്ക്വാഡുകൾ പരിശോധന നടത്തും. അനുമതിയില്ലാതെ 100 കിലോയിലധികം പാചകവാതകം സൂക്ഷിക്കുന്നവർക്കെതിരെ കേസെടുക്കും. പരാതികൾ പരിഹരിക്കാൻ അവധി ദിവസങ്ങളിലും സപ്ലൈ ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കും.