മൂവാറ്റുപുഴയിൽ വീട് കയറി മോഷണം പതിവാക്കിയ കുപ്രസിദ്ധ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു
മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളിലും വീട് കയറി മോഷണവും കവർച്ചയും പതിവാക്കിയ പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു.
വീട് കയറി മോഷണം പതിവാക്കിയ പ്രതിക്കെതിരെ കാപ്പ; വിയ്യൂർ സെൻട്രൽ ജയിലിലടച്ചു
മൂവാറ്റുപുഴ: മേഖലയിലെ വിവിധ സ്റ്റേഷൻ പരിധികളിൽ വീട് അതിക്രമിച്ചു കയറി മോഷണവും കവർച്ചയും പതിവാക്കിയ കുപ്രസിദ്ധ പ്രതിയെ കാപ്പ (KAPA) ചുമത്തി ജയിലിലടച്ചു. കോട്ടപ്പടി പരുത്തേലിൽ വീട്ടിൽ രാജൻ (40) നെയാണ് കാപ്പ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്.
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് പ്രതിക്കെതിരെ കാപ്പ ഉത്തരവിട്ടത്. മൂവാറ്റുപുഴ, കോതമംഗലം, കൂത്താട്ടുകുളം, പെരുമ്പാവൂർ, കുറവിലങ്ങാട്, കുറപ്പംപടി എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ വീട് കയറി മോഷണം, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണ് രാജൻ.
കഴിഞ്ഞ ഫെബ്രുവരിയിൽ മൂവാറ്റുപുഴ മുളവൂർ കരയിലെ ജോൺപടി ഭാഗത്തും, കിഴക്കേക്കര കാട്ടുകണ്ടം ജംഗ്ഷൻ ഭാഗത്തും അതിഥി തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന വീടുകളിൽ അതിക്രമിച്ചു കയറി പന്ത്രണ്ടായിരത്തോളം രൂപ മോഷണം നടത്തിയിരുന്നു. ഈ സംഭവങ്ങളിൽ മൂവാറ്റുപുഴ പോലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള അടിയന്തര നടപടിയുണ്ടായത്.
മൂവാറ്റുപുഴ സബ് ഇൻസ്പെക്ടർമാരായ എൻ.എസ്. റോയി, കെ.എസ്. റഷീദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ എം.കെ. ഗിരിജ, സിവിൽ പോലീസ് ഓഫീസർമാരായ കെ.എം. നിസാർ, എൻ.പി. സതീഷ്, കെ.എ. ഷിഹാബ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

