ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സ്വയംതൊഴിൽ ഉറപ്പാക്കണം, ‘ഏകത്വ’ പദ്ധതി മാതൃകപ്പരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ
എച്ച്.എൽ.എൽ ലൈഫ്കെയറിന്റെയും നാദി ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി നടപ്പിലാക്കിയ ‘ഏകത്വ’ നൈപുണ്യ വികസന പദ്ധതിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സ്വാഭിമാനത്തോടെ ജീവിക്കാൻ സ്വയംതൊഴിൽ അനിവാര്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കൊച്ചി: ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും സമൂഹത്തിൽ സ്വാഭിമാനത്തോടെ സ്വയംതൊഴിൽ ചെയ്ത് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണൻ പറഞ്ഞു. എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡിന്റെയും നാദി ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ നൈപുണ്യ വികസനവും മാനസികാരോഗ്യവും മുൻനിർത്തി നടപ്പിലാക്കിയ ‘ഏകത്വ’ പദ്ധതിയുടെ സമാപന സമ്മേളനവും കോൺവോക്കേഷൻ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വ്യക്തിയുടെയും പ്രാഥമികമായ ആഗ്രഹമാണ് സ്വാഭിമാനത്തോടെയുള്ള ജീവിതം. സമൂഹത്തിൽ പലപ്പോഴും അർഹിക്കുന്ന പരിഗണന ലഭിക്കാതെ പോകുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിന് സ്വയംതൊഴിൽ കണ്ടെത്താനും, അവരെ സാമൂഹികപരമായും സാമ്പത്തികപരമായും സ്വയം പര്യാപ്തരാക്കാനുമാണ് 'ഏകത്വ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്വയംതൊഴിൽ എന്നത് അവരുടെ അവകാശമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
2025 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതിയുടെ ഭാഗമായി കൊച്ചി കേന്ദ്രീകരിച്ച് ബ്യൂട്ടീഷ്യൻ പരിശീലനവും തിരുവനന്തപുരം കേന്ദ്രീകരിച്ച് ഡ്രൈവിങ് പരിശീലനവുമാണ് ട്രാൻസ്‌ജെൻഡർ ഉദ്യോഗാർത്ഥികൾക്കായി നൽകിയത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് കളക്ടർ ഹൃത്വിക് രഞ്ജൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ ജോൺ ജോഷി എന്നിവരും മറ്റ് പ്രമുഖ ഉദ്യോഗസ്ഥരും പങ്കെടുത്തു.