കുടിവെള്ള പരിശോധനാ റിപ്പോർട്ടില്ല ആരോഗ്യ വിഭാഗം സ്പെഷ്യൽ ഡ്രൈവ്
കൊച്ചി നഗരത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിലും തട്ടുകടകളിലും സംയുക്ത പരിശോധന നടത്തി. മാനദണ്ഡങ്ങൾ ലംഘിച്ച മൂന്ന് കടകളിൽ നിന്ന് പിഴ ഈടാക്കി.
ആരോഗ്യ വിഭാഗം സ്പെഷ്യൽ ഡ്രൈവ്: നഗരത്തിൽ ഏഴു കടകളിൽ പരിശോധന; മൂന്നു കടകളിൽ നിന്ന് പിഴ ഈടാക്കി
കൊച്ചി: നഗരത്തിലെ ഹോട്ടലുകളും തട്ടുകടകളും കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന സംയുക്ത പരിശോധനയുടെ നാലാം ദിനത്തിൽ ഏഴു സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മാനദണ്ഡങ്ങൾ പാലിക്കാത്ത മൂന്ന് കടകളിൽ നിന്ന് 6,000 രൂപ പിഴ ഈടാക്കി.
ആരോഗ്യ വകുപ്പ്, ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. കുടിവെള്ള പരിശോധനാ റിപ്പോർട്ട് ലഭ്യമല്ലാത്ത നാല് കടകളിൽ നിന്ന് കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഭക്ഷണശാലകൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് സ്ഥാപന ഉടമകൾക്കും ജീവനക്കാർക്കും ബോധവത്കരണം നൽകി. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ കടകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ആഹാര പാനീയങ്ങൾ തയ്യാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും കർശനമായ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷാഹിർ ഷാ ആർ അറിയിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റുമാരായ സന്തോഷ് കെ.ടി, ബാബു എം.ആർ, കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഫുഡ് അനലിസ്റ്റ് ശ്രീല വി.ബി, ഹെൽത്ത് ഇൻസ്പെക്ടർമാരായ മധു ടി.എൻ, വിഷ്ണു ബാലൻ, ഫുഡ് സേഫ്റ്റി വിഭാഗത്തിൽ നിന്നുള്ള ആദർശ് വിജയ്, ടിജോ വർഗീസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.