മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2018 ലെ പ്രളയ ദുരന്തനിവാരണ ഏകോപനം, ഐ.ടി വ്യവസായ രംഗങ്ങളിലെ വികസനം, കാൻസർ മരുന്നുകളുടെ വില കുറയ്ക്കൽ എന്നിവയിൽ നിർണായക പങ്ക് വഹിച്ചു
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പി.എച്ച്. കുര്യൻ അന്തരിച്ചു
തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും മുൻ അഡീഷനൽ ചീഫ് സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വീട്ടിലെത്തിക്കുന്ന ഭൗതികദേഹം വൈകിട്ടോടെ സൗത്ത് പാമ്പാടിയിലെ പുല്ലൂക്കോട്ടയിലുള്ള വസതിയിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.
സിവിൽ സർവീസിലെ വേറിട്ട വ്യക്തിത്വം
1959 ജനുവരി 20-ന് കോട്ടയം പാമ്പാടിയിലെ സാധാരണ കർഷക കുടുംബത്തിലാണ് പി.എച്ച്. കുര്യന്റെ ജനനം. കേരള സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തവേയാണ് 1986-ൽ ഐഎഎസ് ലഭിക്കുന്നത്. ഒഡീഷ കേഡറിലായിരുന്നു ആദ്യ നിയമനം. 1993-ൽ കേരള കേഡറിലേക്കു മാറിയെത്തി.
പാലക്കാട്, പാലാ എന്നിവിടങ്ങളിൽ സബ് കലക്ടറായും കോട്ടയം, ഇടുക്കി ജില്ലകളിൽ കലക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. റവന്യൂ, വ്യവസായം, ഐ.ടി, മരാമത്ത്, തുറമുഖം, പ്രൈമറി എഡ്യൂക്കേഷൻ, ലേബർ വകുപ്പുകളിൽ നിർണായക ചുമതലകൾ വഹിച്ചു. KSIDC എംഡി, ലേബർ കമ്മിഷണർ, സയൻസ് ആൻഡ് ടെക്നോളജി വകുപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ഹൗസിങ് ഡിപ്പാർട്ട്മെന്റ് അഡീഷനൽ ചീഫ് സെക്രട്ടറി തുടങ്ങിയ തസ്തികകളിലും സേവനമനുഷ്ഠിച്ചു. കേന്ദ്ര സർക്കാരിന്റെ കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറലായ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേന്ദ്രത്തിൽ പ്രവർത്തിക്കവേ കാൻസർ ഉൾപ്പെടെയുള്ള മരുന്നുകളുടെ വില വലിയ തോതിൽ കുറയ്ക്കാൻ ഇടയാക്കിയ നിയമനിർമ്മാണങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.
2018-ലെ പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണവും ഏകോപിപ്പിക്കുന്നതിൽ റവന്യൂ-ദുരന്തനിവാരണ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ശബരിമല വിമാനത്താവളത്തിനായുള്ള ചെറുവള്ളി എസ്റ്റേറ്റിലെ ഭൂമി കണ്ടെത്താനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു.
കുടുംബം
ഭാര്യ: ഉഷ.
മക്കൾ: ഗോഡ്‌ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെൻറി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).
മരുമക്കൾ: സ്നേഹ അനിൽ (സീനിയർ ബിസിനസ് അനലിസ്റ്റ്, അൽ ഘുറൈർ), ഡോ. ജോമി ജേക്കബ് (പീഡിയാട്രീഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).