സപ്ലൈകോയ്ക്ക് ഓണം വിപണിയിൽ റെക്കോഡ് വിൽപ്പന വിറ്റുവരവ് 422 കോടി കവിഞ്ഞു

ഓണം വിപണിയിൽ 422.17 കോടി രൂപയുടെ റെക്കോഡ് വിറ്റുവരവ് നേടി സപ്ലൈകോ. സബ്‌സിഡി സാധനങ്ങളുടെ വിലക്കുറവും കൃത്യമായ സ്റ്റോക്കുമാണ് റെക്കോഡ് നേട്ടത്തിന് വഴിതെളിച്ചത്.

സപ്ലൈകോയ്ക്ക് ഓണം വിപണിയിൽ റെക്കോഡ് വിൽപ്പന വിറ്റുവരവ് 422 കോടി കവിഞ്ഞു
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

വില്‍പനയില്‍ റെക്കോഡിട്ട് സപ്‌ളൈകോ ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു

തിരുവനന്തപുരം: ഇക്കുറി ഓണം വിപണിയില്‍ സപ്‌ളൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് (25-08-2026) വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ഇത് സമീപകാലത്തെ റെക്കോഡ് നേട്ടമാണ്.

കഴിഞ്ഞവര്‍ഷം തിരുവോണം സെപ്റ്റംബര്‍ 5 നായിരുന്നു. 2025 ആഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്.  

മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത് ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. വെളിച്ചെണ്ണ 20 രൂപ കുറച്ചു. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടി ലഭിച്ചു.  കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത്  2025 ആഗസ്റ്റ് 1 മുതല്‍ സെപ്റ്റംബര്‍ 4 തിരുവോണം വരെ 35 ദിവസത്തെ ആകെ വിറ്റുവരവ്: 385.42 കോടി രൂപ. സബ്‌സിഡി സാധനങ്ങള്‍: 180.03 കോടി. നോണ്‍സബ്‌സിഡി: 205.11 കോടി. ഈ സര്‍ക്കാരിന്റെ കാലത്ത് ) 2026 ജൂലൈ 22 മുതല്‍ ആഗസ്റ്റ് 25 തിരുവോണം വരെ 35 ദിവസത്തെ വിറ്റുവരവ് ഇതുവരെ: 422.17 കോടി.

സബ്‌സിഡി: 153.49 കോടി., നോണ്‍ സബ്‌സിഡി: 268.89 കോടി.

2026 ആഗസ്റ്റ് 1 മുതല്‍ ആഗസ്റ്റ് 25 തിരുവോണം വരെ 25 ദിവസത്തെ വിറ്റുവരവ്: 350.21 കോടി രൂപ.

സബ്‌സിഡി: 125.67 കോടി, നോണ്‍സബ്‌സിഡി: 224.67 കോടി.

വില വര്‍ധിപ്പിക്കാതെ സബ്‌സിഡി സാധനങ്ങള്‍: സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ വഴി 13 സബ്‌സിഡി സാധനങ്ങള്‍ വില വര്‍ധിപ്പിക്കാതെ ലഭ്യമാക്കി.

 വില കുറഞ്ഞത്: ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപ്പരിപ്പ് തുടങ്ങിയ വിവിധ അവശ്യവസ്തുക്കള്‍ക്ക് കഴിഞ്ഞ ഓണത്തേക്കാള്‍ സബ്‌സിഡി നിരക്ക് കുറച്ചു.

ശബരി വെളിച്ചെണ്ണ വില കുറച്ചു: സപ്ലൈകോ വഴിയുള്ള ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 249 രൂപയില്‍ നിന്ന് 229 രൂപയായി (20 രൂപ കുറച്ചു).

രണ്ടു മാസത്തെ സബ്‌സിഡി ഒരുമിച്ച്: ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഇപ്പോള്‍ ഒരുമിച്ച് വാങ്ങാം.

മതിയായ സ്‌റ്റോക്ക്: മുന്‍വര്‍ഷങ്ങളിലെ റാക്കുകള്‍ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥ പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്‌റ്റോക്ക് ഉറപ്പാക്കി. സ്‌റ്റോറുകളില്‍ എല്ലാ സാധനങ്ങളും ലഭ്യമാക്കിയത് ഉപഭോക്താക്കള്‍ക്കു സൗകര്യമായി.

 സൗജന്യ ഓണക്കിറ്റ് വിതരണം തിരുവോണത്തിനു നാലുദിവസം മുമ്പേ 5,93,408 സൗജന്യ ഓണക്കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കി. ക്ഷേമ സ്ഥാപനങ്ങള്‍ക്കായി 8,902 കിറ്റുകള്‍ നല്‍കിയതിന് പുറമേ ഇതുവരെ 5,51,164 റേഷന്‍ കാര്‍ഡുടമകള്‍ നിലവില്‍ കിറ്റുകള്‍ കൈപ്പറ്റി (ആകെ ഡിമാന്‍ഡ്: 6,02,310).

സബ്‌സിഡി വില്‍പ്പന വിവരങ്ങള്‍:-

പരിപ്പ് വര്‍ഗങ്ങള്‍: 43.83 കോടി

വെളിച്ചെണ്ണ: 51.64 കോടി രൂപ

അരി (ജയ, മട്ട, കുറുവ, പച്ചരി): 31.21 കോടി

സുഗന്ധവ്യഞ്ജനങ്ങള്‍ (മുളക്, മല്ലി): 14.14 കോടി

പഞ്ചസാര: 8.36 കോടി

ഓണം ഫെയറുകള്‍:

3 മെഗാ ട്രേഡ് ഫെയറുകള്‍, 11 ജില്ലാ ഫെയറുകള്‍, 126 അസംബ്ലി ഫെയറുകള്‍.

സൗജന്യ യാത്രാ സൗകര്യം:

എറണാകുളം കലൂരില്‍ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി വൈറ്റില- കലൂര്‍- വൈറ്റില റൂട്ടില്‍ കെഎസ്ആര്‍ടിസി സൗജന്യ എ.സി. ലോ ഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ലഭ്യമാക്കി.

ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്‌ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോഡാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.