മഹാകാളി ഗ്ലിമ്പ്സ് പുറത്ത് ശുക്രാചാര്യരായി അക്ഷയ് ഖന്ന
പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മഹാകാളി ആദ്യ ഗ്ലിമ്പ്സ് പുറത്തുവിട്ടു. അക്ഷയ് ഖന്ന ശുക്രാചാര്യരായി എത്തുന്ന ചിത്രം 2027 ജനുവരി 8 ന് തീയേറ്ററുകളിലെത്തും.
അക്ഷയ് ഖന്നയുടെ ശുക്രാചാര്യരെ അവതരിപ്പിച്ച് 'മഹാകാളി' ആദ്യ ഗ്ലിമ്പ്സ് പുറത്ത്; ചിത്രം 2027 ജനുവരി 8-ന് തീയേറ്ററുകളിലേക്ക്
'ഹനുമാൻ' എന്ന മഹാവിജയ ചിത്രത്തിന് ശേഷം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (PVCU) ഭാഗമായി ഒരുങ്ങുന്ന പുതിയ ചിത്രം "മഹാകാളി"യുടെ ആദ്യ ഗ്ലിമ്പ്സ് പുറത്തിറങ്ങി. ബോളിവുഡ് താരം അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന 'ശുക്രാചാര്യർ' എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന മാസ് ഗ്ലിമ്പ്സ് വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം 2027 ജനുവരി 8-ന് ആഗോളതലത്തിൽ തീയേറ്ററുകളിലെത്തും.
ഇന്ത്യൻ സിനിമയിലെ ആദ്യത്തെ വനിതാ സൂപ്പർഹീറോയെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 'ശുക്രാചാര്യരുടെ യുദ്ധ കാഹളം' (War Cry) എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് വീഡിയോ എത്തിയത്. സന്യാസിവര്യന്റെ ലുക്കിൽ തികച്ചും മാസ് അവതാരമായാണ് അക്ഷയ് ഖന്ന വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ദേവന്മാർക്ക് എതിരെ നിലകൊണ്ടുകൊണ്ട്, അസുരന്മാർക്ക് വേണ്ടി മനുഷ്യകുലത്തെ പൂർണ്ണമായും നശിപ്പിക്കാൻ പ്രതിജ്ഞയെടുത്ത വില്ലൻ കഥാപാത്രമായാണ് ശുക്രാചാര്യരെ ചിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ധർമ്മവും അധർമ്മവും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഗ്ലിമ്പ്സിൽ ത്രസിപ്പിക്കുന്ന പശ്ചാത്തലസംഗീതവും, ഗംഭീര വി.എഫ്.എക്സും (VFX) ഉയർന്ന സാങ്കേതിക മികവും ദൃശ്യമാണ്. "ദി എൻഡ് ബിഗിൻസ്" എന്ന കുറിപ്പോടെയാണ് ഗ്ലിമ്പ്സ് വീഡിയോ അവസാനിക്കുന്നത്.
ഭൂമി ഷെട്ടിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ മഹാകാളിയായി നായികാവേഷത്തിൽ എത്തുന്നത്. കാളിദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ കഥ പറയുന്നത്. ആത്മീയതയും പുരാണവും സമകാലിക സംഭവവികാസങ്ങളുമായി കൂട്ടിച്ചേർത്താണ് പ്രശാന്ത് വർമ്മ ഇതിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
പൂജ അപർണ്ണ കൊല്ലുരു സംവിധാനം ചെയ്യുന്ന ചിത്രം ആർ.കെ.ഡി സ്റ്റുഡിയോസിന്റെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ ആണ് നിർമ്മിക്കുന്നത്. ആർ.കെ. ദുഗ്ഗൽ ചിത്രം അവതരിപ്പിക്കുന്നു.
രോഹിത് സറഫ്, ശ്രിയ റെഡ്ഡി, സമുദ്രക്കനി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, ഖുശ്ബു സുന്ദർ, നാസർ, ബബ്ലു പൃഥ്വീരാജ്, ജിതിൻ ഗുലാട്ടി തുടങ്ങി പ്രമുഖ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും തങ്ങളുടെ ഭാഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂർത്തിയാക്കിക്കഴിഞ്ഞു.
ഐമാക്സ് (IMAX) 3D ഫോർമാറ്റിൽ ഇന്ത്യൻ ഭാഷകൾക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. സ്മരൻ സായ് സംഗീതവും, സുരേഷ് രഗത് ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ: ശ്രീ നാഗേന്ദ്ര തംഗല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വെങ്കട് കുമാർ ജെട്ടി