നടപ്പാതയിൽ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കും പിഴയും ശിക്ഷാ ക്ലാസും നിർബന്ധം.
നടപ്പാതയിൽ വാഹനം ഓടിക്കുന്നവർക്കും പാർക്ക് ചെയ്യുന്നവർക്കുമെതിരെ നടപടി കർശനമാക്കി മോട്ടർ വാഹന വകുപ്പ്. ലൈസൻസ് സസ്പെൻഷനും എടപ്പാളിൽ 7 ദിവസത്തെ പരിശീലനവും നിർബന്ധം.
നടപ്പാതയിൽ വണ്ടി കയറ്റിയാൽ കളി മാറും; ലൈസൻസ് പോകും, ഒരാഴ്ചത്തെ ശിക്ഷാ ക്ലാസും നിർബന്ധം
കൊച്ചി: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റോഡിലെ നടപ്പാതകളിലും വെള്ള വരയ്ക്കപ്പുറമുള്ള ഭാഗങ്ങളിലും വാഹനം ഓടിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി മോട്ടർ വാഹന വകുപ്പും പൊലീസും. നടപ്പാതയിലൂടെ വാഹനം ഓടിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 രൂപ മുതൽ 3,000 രൂപ വരെ പിഴ ഈടാക്കും. ഇതിനു പുറമെ, എടപ്പാളിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയ്നിങ് ആൻഡ് റിസർച് (IDTR) കേന്ദ്രത്തിൽ ഏഴു ദിവസത്തെ നിർബന്ധിത കറക്‌ഷൻ ക്ലാസിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ ലൈസൻസ് തിരികെ ലഭിക്കൂ.
വാഹനങ്ങൾ നടപ്പാതയിൽ പാർക്ക് ചെയ്യുന്ന ഉടമകൾക്കെതിരെയും നടപടി കർശനമാക്കി. കാൽനടയാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിന് 250 രൂപ മുതൽ 1,000 രൂപ വരെയാണ് വാഹന ഉടമയിൽ നിന്ന് ഈടാക്കുന്ന പിഴ. രണ്ട് തരത്തിലുള്ള നിയമലംഘനങ്ങളിലും കോടതി മുഖേന മാത്രമേ പിഴ ഒടുക്കാൻ സാധിക്കൂ. മോട്ടർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് പിഴ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കില്ല.

