വിലങ്ങാട് ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളണം ആർ.ഡി.ഒ. ഇനി നോഡൽ ഓഫീസർ
2024 ൽ ഉരുൾപൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാട് പ്രദേശത്തെ പുനരധിവാസ പ്രവൃത്തികൾ വേഗത്തിലാക്കാൻ കെ.എം. അഭിജിത്ത് എം.എൽ.എ, ജില്ലാ കലക്ടർ എം.എസ്. മാധവിക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനമായി. വടകര ആർ.ഡി.ഒ.യെ വിലങ്ങാട് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
വിലങ്ങാട് പുനരധിവാസം: പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ എം.എല്‍.എയുടെയും കലക്ടറുടെയും അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം
വിലങ്ങാട്: ഉരുള്‍പ്പൊട്ടല്‍ ദുരന്തം വിതച്ച വിലങ്ങാട് പ്രദേശത്തെ പുനരധിവാസ-പുനര്‍നിര്‍മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ കെ.എം. അഭിജിത്ത് എം.എല്‍.എയുടെയും ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ കര്‍ശന നിര്‍ദേശം. തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍, ജലസേചന പ്രവൃത്തികള്‍ തുടങ്ങിയവ പൂര്‍ത്തിയാകാത്തതില്‍ എം.എല്‍.എ ആശങ്ക അറിയിക്കുകയും നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ദുരന്തത്തില്‍ വീടുകളും കടകളും കൃഷിയും നഷ്ടപ്പെട്ടവര്‍ക്ക് ഇനി ലഭിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ജില്ലാ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി യോഗത്തില്‍ നിര്‍ദേശം നല്‍കി. വിലങ്ങാട് പ്രദേശത്ത് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (GSI) പഠനത്തിനുള്ള സാധ്യത പരിശോധിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ദുരന്തബാധിതര്‍ക്കായി സ്ഥിരം അഭയകേന്ദ്രം ഒരുക്കുന്നതിനുള്ള ഭൂമി എത്രയും വേഗം കണ്ടെത്താന്‍ പഞ്ചായത്തുകളുടെ സജീവ ഇടപെടല്‍ വേണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.
വിലങ്ങാട് ഇതുവരെ പൂര്‍ത്തിയായ പ്രവൃത്തികളുടെയും ഇനി പൂര്‍ത്തീകരിക്കാനുള്ളവയുടെയും കൃത്യമായ റിപ്പോര്‍ട്ട് തയാറാക്കാനും, പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി വടകര ആര്‍.ഡി.ഒ കെ.കെ. പ്രസീലിനെ നോഡല്‍ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്.
സഹകരണ ബാങ്കുകളിലേതൊഴികെയുള്ള മറ്റു ബാങ്കുകളിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളണമെന്ന് വാണിമേല്‍ പഞ്ചായത്ത് പ്രസിഡന്റ് സജിന യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനൊപ്പം എന്‍.ഐ.ടി പഠനറിപ്പോര്‍ട്ട് പഞ്ചായത്തിന് ലഭ്യമാക്കണമെന്നും സോണ്‍ പരിധി പുനര്‍നിര്‍ണയിച്ചു നല്‍കണമെന്നുമുള്ള ആവശ്യങ്ങളും യോഗത്തില്‍ ഉയര്‍ന്നു വന്നു.
വിലങ്ങാട് പാരിഷ് ഹാളില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വടകര ആര്‍.ഡി.ഒ കെ.കെ. പ്രസീല്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ എസ്. സജീദ്, വടകര തഹസില്‍ദാര്‍ എല്‍.കെ. സുബൈര്‍, വാണിമേല്‍ പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദന്‍, ഷാഫി പറമ്പില്‍ എം.പിയുടെ പ്രതിനിധി പ്രദീപന്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.