പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി

പത്മശ്രീ ജേതാവും ലോകപ്രശസ്ത ഫോട്ടോഗ്രാഫറുമായ രഘു റായ് (83) ഡൽഹിയിൽ അന്തരിച്ചു. ഭോപ്പാൽ ദുരന്തം ഉൾപ്പെടെയുള്ള ചരിത്ര മുഹൂർത്തങ്ങൾ പകർത്തിയ അദ്ദേഹം മാഗ്നം ഫോട്ടോസിലെ ആദ്യ ഇന്ത്യൻ അംഗമാണ്.

പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി.

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ കുലപതി രഘു റായ് അന്തരിച്ചു

​ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിലെ ഇതിഹാസവും പത്മശ്രീ ജേതാവുമായ രഘു റായ് (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. കാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തലച്ചോറിലേക്ക് രോഗം വ്യാപിച്ചതോടെ വഷളാകുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ നടക്കും.

​അരനൂറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളെ ക്യാമറയിൽ ഒപ്പിയെടുത്ത പ്രതിഭയായിരുന്നു അദ്ദേഹം. 1984-ലെ ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഭീകരത ലോകത്തെ അറിയിച്ച 'അജ്ഞാതനായ കുട്ടിയുടെ ശവസംസ്‌കാരം' എന്ന ചിത്രം അദ്ദേഹത്തെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കി. ഇന്ദിരാ ഗാന്ധി, മദർ തെരേസ, ദലൈലാമ, സത്യജിത് റേ തുടങ്ങിയ മഹദ്‌വ്യക്തികളുടെ വിഖ്യാത ചിത്രങ്ങൾ രഘു റായുടെ ക്യാമറക്കണ്ണുകളിലൂടെയാണ് ലോകം കണ്ടത്.

​1965-ൽ 'ദ് സ്റ്റേറ്റ്സ്മാൻ' പത്രത്തിലൂടെ കരിയർ തുടങ്ങിയ അദ്ദേഹം സൺഡേ, ഇന്ത്യ ടുഡേ തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവർത്തിച്ചു. 1977-ൽ ലോകപ്രശസ്ത ഫോട്ടോഗ്രഫി ഏജൻസിയായ 'മാഗ്നം ഫോട്ടോസി'ൽ അംഗമാകുന്ന ആദ്യ ഇന്ത്യക്കാരനായി. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധം റിപ്പോർട്ട് ചെയ്തതിലെ മികവിന് 1972-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു.

​കേരളവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം ശബരിമലയിൽ ദർശനം നടത്തുകയും അയ്യപ്പസ്വാമിയുടെ ചിത്രങ്ങൾ പകർത്തുകയും ചെയ്തിട്ടുണ്ട്. കേരള പ്രസ് അക്കാദമിയുടെ വിവിധ പരിപാടികളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ഗുർമീത് റായ് ആണ് ഭാര്യ. നിതിൻ റായ് (ഫോട്ടോഗ്രാഫർ), ലഗാൻ, അവനി, പൂർവായ് എന്നിവർ മക്കളാണ്.