സമഗ്ര വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ അനിവാര്യം ബെന്നി ബെഹനാന്‍ എം.പി

മനോജ്‌ മൂത്തേടൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിഷൻ പെരുമ്പാവൂർ കോൺക്ലേവ് 2026 ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു

സമഗ്ര വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ അനിവാര്യം ബെന്നി ബെഹനാന്‍ എം.പി
മനോജ് മൂത്തേടൻ എം എൽ എ യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ നടന്ന വിഷൻ പെരുമ്പാവൂർ കോൺക്ലേവ് - 2026 ൻ്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എം പി നിർവഹിക്കുന്നു.
സമഗ്ര വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ അനിവാര്യം ബെന്നി ബെഹനാന്‍ എം.പി

സമഗ്ര വികസനത്തിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാൻ അനിവാര്യം: ബെന്നി ബെഹനാന്‍ എം.പി

പെരുമ്പാവൂർ: ഒരു പ്രദേശത്തിന്റെ സമഗ്രവും സുസ്ഥിരവുമായ പുരോഗതി കൈവരിക്കുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള മാസ്റ്റർ പ്ലാനുകൾ അനിവാര്യമാണെന്ന് ബെന്നി ബെഹനാന്‍ എം.പി. പ്രസ്താവിച്ചു. മനോജ്‌ മൂത്തേടൻ എം.എൽ.എ.യുടെ നേതൃത്വത്തിൽ പെരുമ്പാവൂർ സീമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'വിഷൻ പെരുമ്പാവൂർ - കോൺക്ലേവ് 2026' ന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ ഭേദമന്യേ ഇത്തരമൊരു വിപുലമായ ജനകീയ വികസന ചർച്ച സംഘടിപ്പിച്ച മനോജ് മൂത്തേടൻ എം.എൽ.എ.യുടെ നടപടി അങ്ങേയറ്റം മാതൃകാപരമാണെന്നും എം.പി കൂട്ടിച്ചേർത്തു.

​പെരുമ്പാവൂരിന്റെ പൈതൃക വ്യവസായമായ തടി മേഖലയെ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് എം.പി ചൂണ്ടിക്കാട്ടി. നിലവിലെ പ്ലൈവുഡ് മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം, സർക്കാർ അനുവദിച്ച ബഡ്ജറ്റ് വിഹിതം പൂർണ്ണമായും വിനിയോഗിച്ച് പെരുമ്പാവൂരിൽ ഒരു ഫർണിച്ചർ ഹബ്ബ് യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കണം. ട്രാവൻകൂർ റയോൺസിന്റെ കിൻഫ്രയ്ക്കും കെ.എസ്.ഇ.ബി.ക്കും കൈമാറിയത് കൂടാതെ അവശേഷിക്കുന്ന ഭൂമി, പ്രായോഗികവും വലിയതുമായ വികസന പദ്ധതികൾക്കായി പ്രയോജനപ്പെടുത്താൻ ആവശ്യമായ ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​മണ്ഡലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. ഇതിനായി പെരുമ്പാവൂർ ബൈപ്പാസ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ വേഗത്തിലാക്കണം. ഒപ്പം, നിലവിൽ തടസ്സപ്പെട്ടു കിടക്കുന്ന ശബരി റെയിൽ പാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായുള്ള ശക്തമായ നടപടികൾ സ്വീകരിക്കണം. പെരുമ്പാവൂരിലെ കാർഷിക, ടൂറിസം, ആരോഗ്യ മേഖലകളുടെ വികസനത്തിനും മാസ്റ്റർ പ്ലാനിൽ മുൻഗണന നൽകണം. വേങ്ങൂരിലെ പാണിയേലി പോര് പോലെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ടൂറിസം മന്ത്രിയെ നേരിട്ടെത്തിച്ച് പ്രാദേശിക ചർച്ചകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

​കായിക രംഗത്ത് ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് പോലുള്ള പൊതുസ്ഥലങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തി ചെറുപ്പക്കാരെ ആകർഷിക്കുന്ന ആധുനിക സ്റ്റേഡിയങ്ങൾ നിർമ്മിക്കണം. സി.എസ്.ആർ. ഫണ്ടുകൾ കൂടി വിനിയോഗിച്ച് കിടപ്പുരോഗികൾക്കും അവശർക്കും വേണ്ടിയുള്ള സാമൂഹ്യക്ഷേമ-സാന്ത്വന പദ്ധതികൾ വിപുലീകരിക്കണം. പെരുമ്പാവൂരിന്റെ സാമ്പത്തിക-വ്യാവസായിക അടിത്തറ നിലനിർത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്ന അതിഥി തൊഴിലാളികളെ അതിഥികളായിത്തന്നെ കണ്ട്, അവർക്ക് മെച്ചപ്പെട്ട താമസസൗകര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതാകണം പുതിയ മാസ്റ്റർ പ്ലാൻ. പെരുമ്പാവൂർ പോലീസ് സ്റ്റേഷന്റെ നവീകരണത്തിനായുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

​മനോജ് മൂത്തേടൻ എം.എൽ.എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരുമ്പാവൂരിന്റെ പ്രാദേശിക പ്രശ്നങ്ങളും വികസന സാധ്യതകളും ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടു. വിഭിന്ന മേഖലകളിൽ അനുഭവസമ്പത്തുള്ള പ്രമുഖരുടെ വലിയൊരു നിരയാണ് കോൺക്ലേവിൽ അണിനിരന്നത്. ജനപ്രതിനിധികൾ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, സാമുദായിക സംഘടനാ ഭാരവാഹികൾ, വ്യവസായികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ചടങ്ങിൽ സംബന്ധിക്കുകയും പെരുമ്പാവൂരിന്റെ ഭാവി വികസനത്തിനായുള്ള തങ്ങളുടെ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.