അമൃതം ന്യൂട്രിമിക്സ് വിതരണത്തിൽ വീഴ്ച കുടുംബശ്രീ യൂണിറ്റുകളിൽ അടിയന്തിര ഓഡിറ്റിന് ഭക്ഷ്യ കമ്മീഷൻ ഉത്തരവ്
പോഷകാഹാര വിതരണത്തിൽ വീഴ്ചയരുത്; ഭക്ഷ്യ കമ്മീഷൻ പരിശോധന ശക്തമാക്കുന്നു പോഷൻ ട്രാക്കർ ആപ്പിലെ സാങ്കേതിക തകരാർ മൂലം അമൃതം ന്യൂട്രിമിക്സ് ഉൽപ്പാദനത്തിൽ കുറവുണ്ടായ പശ്ചാത്തലത്തിൽ അടിയന്തിര ഓഡിറ്റ് നടത്താൻ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കുടുംബശ്രീക്ക് നിർദ്ദേശം നൽകി.
അമൃതം ന്യൂട്രിമിക്സ് വിതരണത്തിലെ അപാകതകൾ പരിഹരിക്കും; കുടുംബശ്രീ യൂണിറ്റുകളിൽ അടിയന്തിര ഓഡിറ്റിന് ഭക്ഷ്യ കമ്മീഷൻ ഉത്തരവ്
എറണാകുളം : സംസ്ഥാനത്ത് കുട്ടികൾക്കും ഗർഭിണികൾക്കും വിതരണം ചെയ്യുന്ന അമൃതം ന്യൂട്രിമിക്സ് പോഷകാഹാരത്തിന്റെ നിർമ്മാണത്തിലും വിതരണത്തിലുമുള്ള അപാകതകൾ അടിയന്തിരമായി പരിഹരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ (2013) ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ നിർമ്മാണ യൂണിറ്റുകളിൽ കമ്മീഷൻ നടത്തിയ നേരിട്ടുള്ള പരിശോധനയ്ക്ക് ശേഷമാണ് നടപടി.
ഭക്ഷ്യ കമ്മീഷൻ ചെയർപേഴ്സൺ ഡോ. ജിനു സഖറിയ ഉമ്മൻ, കമ്മീഷൻ അംഗം അഡ്വ. കെ.എൻ. സുഗതൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കേന്ദ്ര സർക്കാരിന്റെ 'പോഷൻ ട്രാക്കർ' (Poshan Tracker) മൊബൈൽ ആപ്പിലെ സാങ്കേതിക തകരാറുകൾ മൂലം ഗുണഭോക്താക്കൾക്ക് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ കഴിയുന്നില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ഇതേത്തുടർന്ന് അർഹരായ പലരും പട്ടികയിൽ നിന്ന് പുറത്താകുകയും അമൃതം ന്യൂട്രിമിക്സിന്റെ ഉൽപ്പാദനം ഗണ്യമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇത് അർഹരായവർക്ക് പോഷകാഹാരം ലഭിക്കാത്ത ഗുരുതര സാഹചര്യമാണ് ഉണ്ടാക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി.
കുടുംബശ്രീക്ക് നിർദ്ദേശം, സർക്കാരിന് ശുപാർശ
പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിനായി എറണാകുളം ജില്ലയിലെ എല്ലാ ന്യൂട്രിമിക്സ് യൂണിറ്റുകളിലെയും അസംസ്കൃത വസ്തുക്കളുടെ സംഭരണം സംബന്ധിച്ച് അടിയന്തിര ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ കുടുംബശ്രീ മിഷന് കമ്മീഷൻ നിർദ്ദേശം നൽകി.
ഇതോടൊപ്പം താഴെ പറയുന്ന നടപടികൾക്കും കമ്മീഷൻ തുടക്കമിട്ടിട്ടുണ്ട്:
സംയുക്ത പരിശോധന: കുടുംബശ്രീ-ഐ.സി.ഡി.എസ് (ICDS) ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന എല്ലാ യൂണിറ്റുകളിലും ഉറപ്പാക്കും.
ഗുണനിലവാര പരിശോധന: ന്യൂട്രിമിക്സിന്റെ ഗുണനിലവാരം സമയബന്ധിതമായി പരിശോധിക്കുന്നതിനായി ശാസ്ത്രീയമായ ഒരു ജില്ലാതല സംവിധാനം നടപ്പിലാക്കാൻ സർക്കാരിനോട് ശുപാർശ ചെയ്യും.
പ്രത്യേക ശ്രദ്ധയ്ക്ക് നിർദ്ദേശം: ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, കുട്ടികൾ എന്നിവർക്കുള്ള പോഷകാഹാര വിതരണത്തിൽ ഒരു തരത്തിലുള്ള വീഴ്ചയും വരുത്തരുതെന്നും ഉദ്യോഗസ്ഥർ ഇതിൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും കമ്മീഷൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്