സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ജൂൺ 30 വരെ രാത്രികാലങ്ങളിൽ നിയന്ത്രണം ഉണ്ടായേക്കും
കേരളത്തിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ജൂൺ 30 വരെ രാത്രി 6 മണി മുതൽ 12 മണി വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്ന് കെഎസ്ഇബി
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ജൂൺ 30 വരെ രാത്രികാലങ്ങളിൽ നിയന്ത്രണം ഉണ്ടായേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ലഭ്യതയിൽ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജൂൺ 30 വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി (KSEB) അറിയിച്ചു. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണി വരെയുള്ള സമയങ്ങളിലായിരിക്കും നിയന്ത്രണം ആവശ്യമായി വരിക. വൈദ്യുതി ലഭ്യമാക്കുന്നതിനായി കെഎസ്ഇബി നടത്തിയ ഡീപ് കരാർ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് സംസ്ഥാനം നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
നിലവിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫിന്റെ നേതൃത്വത്തിൽ പവർ സെക്രട്ടറിയും കെഎസ്ഇബി ചെയർമാനുമായ ഡോ. എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേർന്നു. ദൈനംദിന കരാറുകളിലൂടെ ലഭ്യമാകുന്ന പരമാവധി വൈദ്യുതി വാങ്ങി എത്തിക്കാൻ യോഗത്തിൽ മന്ത്രി നിർദേശം നൽകി. വരും ദിവസങ്ങളിൽ വൈദ്യുതി ലഭ്യതക്കുറവ് നിയന്ത്രണാതീതമായാൽ ആവശ്യാനുസരണം നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബിക്ക് യോഗം അനുമതി നൽകിയിട്ടുണ്ട്.
പ്രതിസന്ധിക്ക് കാരണം എൽനിനോയും മൺസൂൺ കുറവും
പസഫിക് സമുദ്രത്തിൽ എൽനിനോ പ്രതിഭാസം ശക്തിപ്രാപിച്ചതിനെ തുടർന്ന് രാജ്യത്താകെ അന്തരീക്ഷ ഊഷ്മാവ് വർധിച്ചതും വൈദ്യുതി ലഭ്യത കുറഞ്ഞതുമാണ് കേരളത്തെയും ബാധിച്ചിരിക്കുന്നത്. ഇതിനുപുറമേ, മുൻപ് വായ്പയായി വാങ്ങിയ വൈദ്യുതി തിരികെ നൽകേണ്ട സമയമാണിതെന്നതും പ്രതിസന്ധി ഇരട്ടിയാക്കി. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജൂൺ 16 മുതൽ തിരികെ നൽകാമെന്ന വ്യവസ്ഥയിലാണ് കേരളം വൈദ്യുതി വാങ്ങിയിരുന്നത്. രാജ്യത്തെ പൊതുവായ എൽനിനോ പ്രതിസന്ധി കാരണം പുതിയ ഡീപ് കരാറുകൾക്കുള്ള കെഎസ്ഇബിയുടെ ശ്രമങ്ങൾ വിജയിച്ചതുമില്ല.
മൺസൂൺ മഴ വേണ്ടത്ര ശക്തി പ്രാപിക്കാത്തതിനാൽ സംസ്ഥാനത്ത് അന്തരീക്ഷ താപനിലയും കുറഞ്ഞിട്ടില്ല. 4100 മെഗാവാട്ട് വൈദ്യുതി ആവശ്യകതയാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും നിലവിൽ അത് 4900 മെഗാവാട്ട് വരെയായി ഉയർന്നു. ദൈനംദിന ഉപയോഗത്തിൽ 10 ദശലക്ഷം യൂണിറ്റിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.
900 മെഗാവാട്ടിന്റെ കുറവ്
ആഭ്യന്തര ഉത്പാദനത്തിലൂടെ 1700 മെഗാവാട്ടും, കേന്ദ്ര നിലയങ്ങളിൽ നിന്ന് 1701 മെഗാവാട്ടും, ദീർഘകാല കരാറുകളിലൂടെ 612 മെഗാവാട്ടും പൂർണ്ണതോതിൽ ലഭ്യമാകുന്നുണ്ട്. എങ്കിലും ജൂൺ 16 മുതൽ 30 വരെയുള്ള കാലയളവിൽ പ്രതിദിനം 900 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് നേരിടുന്നത്. പവർ എക്സ്ചേഞ്ചുകളിലെ വൈദ്യുതി ലഭ്യതയും ഈ സാഹചര്യത്തിൽ 5 ശതമാനമായി ചുരുങ്ങിയിട്ടുണ്ട്. ഈ പ്രതിസന്ധിയെ തുടർന്ന് ജൂൺ 16-ന് രാത്രി 9 നും 12 നുമിടയിൽ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നേരിയ തോതിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നതായും കെഎസ്ഇബി വ്യക്തമാക്കി.