​വികാസ് വിഷൻ രാജ്യത്തിന് മാതൃക നിലമ്പൂരിലെ ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിച്ച് പ്രിയങ്ക ഗാന്ധി

നിലമ്പൂർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന വികാസ് വിഷൻ 2040 പദ്ധതി രാജ്യത്തിന് മാതൃകയാണെന്ന് പ്രിയങ്ക ഗാന്ധി എം.പി. പരീക്ഷകളിൽ മികച്ച വിജയം നേടിയ ഗോത്രവിഭാഗം വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കനൽവെളിച്ചം പരിപാടി അവർ ഉദ്ഘാടനം ചെയ്തു.

​വികാസ് വിഷൻ രാജ്യത്തിന് മാതൃക നിലമ്പൂരിലെ ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിച്ച് പ്രിയങ്ക ഗാന്ധി
വികാസ് വിഷന്‍ 2040 നിലമ്പൂര്‍ നിയോജകമണ്ഡലം സമഗ്രവികസന പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഗോത്രവിഭാഗം വിദ്യാര്‍ത്ഥികളെ ആദരിക്കുന്ന 'കനല്‍വെളിച്ചം' പ്രിയങ്കഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി എ.പി അനില്‍കുമാര്‍, ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ, പി.വി അബ്ദുല്‍വഹാബ് എം.പി സമീപം.
​വികാസ് വിഷൻ രാജ്യത്തിന് മാതൃക നിലമ്പൂരിലെ ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിച്ച് പ്രിയങ്ക ഗാന്ധി

വികാസ് വിഷൻ രാജ്യത്തിന് മാതൃക; നിലമ്പൂരിലെ ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിച്ച് പ്രിയങ്ക ഗാന്ധി

നിലമ്പൂർ: നിലമ്പൂർ നിയോജകമണ്ഡലത്തിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'വികാസ് വിഷൻ 2040' പദ്ധതി രാജ്യത്തിന് തന്നെ വലിയൊരു മാതൃകയാണെന്ന് പ്രിയങ്കഗാന്ധി എം.പി. ഓരോ പഞ്ചായത്തിലും മാതൃകാ സ്കൂളുകൾ സ്ഥാപിച്ച് കുട്ടികളുടെ പഠനത്തിനും കഴിവിനും പ്രാധാന്യം നൽകുന്നതും, പ്രത്യേകിച്ച് ആദിവാസി ഗോത്രവിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് നൽകുന്ന പിന്തുണയും ഏറെ അഭിനന്ദനാർഹമാണെന്ന് അവർ വ്യക്തമാക്കി. വികാസ് വിഷന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഗോത്രവിഭാഗം വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'കനൽവെളിച്ചം' പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

​കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് നേടിയ ഈ വിജയത്തിൽ കുട്ടികൾക്ക് വലിയ അഭിമാനബോധം ഉണ്ടാകണമെന്ന് പ്രിയങ്കഗാന്ധി ഓർമ്മിപ്പിച്ചു. "രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ പരീക്ഷകളുടെ കാഠിന്യവും അതിനായി അമ്മമാർ അനുഭവിക്കുന്ന പ്രയാസങ്ങളും നന്നായി അറിയാം. മാഞ്ചീരി ഉൾവനത്തിൽ ചോലനായ്ക്കരെ നേരിട്ട് കാണാൻ പോയപ്പോൾ അവരുടെ ജീവിത സാഹചര്യങ്ങൾ ഞാൻ കണ്ടതാണ്. അത്രയും ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ കുട്ടികൾ സ്കൂളുകളിൽ പോയി പഠിച്ച് വിജയം നേടിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തെ ഒട്ടും ചെറുതായി കാണരുത്," അവർ പറഞ്ഞു.

​ഉപരിപഠനത്തിനും ജോലിക്കുമായി പുതിയ സ്ഥലങ്ങളിലേക്ക് ചേക്കേറുമ്പോഴും സ്വന്തം വേരുകളെ മറക്കരുതെന്ന് പ്രിയങ്ക വിദ്യാർത്ഥികളെ ഉപദേശിച്ചു. പ്രകൃതിയെയും മൃഗങ്ങളെയും സംരക്ഷിക്കുകയും, സ്ത്രീക്കും പുരുഷനും തുല്യനീതി നൽകുകയും ചെയ്യുന്ന ഉന്നതമായ സംസ്കാരമാണ് ഗോത്രവിഭാഗങ്ങളുടേതെന്നും അത് കാത്തുസൂക്ഷിക്കണമെന്നും അവർ കൂട്ടിച്ചേർത്തു. സംസ്ഥാന ബജറ്റിൽ വയനാടിനായി പ്രഖ്യാപിച്ച ട്രൈബൽ സർവ്വകലാശാല വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് പറഞ്ഞ പ്രിയങ്കഗാന്ധി, ചടങ്ങിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും നിർവ്വഹിച്ചു.

​ആര്യാടൻ ഷൗക്കത്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുട്ടികളെ വെറുതെ ആദരിച്ച് വിടുകയല്ല, മറിച്ച് അവരുടെ മുന്നോട്ടുള്ള തുടർപഠനത്തിലും എല്ലാവിധ പിന്തുണയുമായി വികാസ് വിഷൻ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പി.വി. അബ്ദുൽ വഹാബ് എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.എ. കരീം, അഡ്വ. ജോസ്മി പി. തോമസ്, റഹിയാനത്ത് കൂർമാടൻ, നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ് എന്നിവരും വി.എ. കരീം, സി.എച്ച്. ഇഖ്ബാൽ, എ. ഗോപിനാഥ്, പാലോളി മെഹബൂബ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ എസ്.എസ്. സുധീർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.പി. രാജേഷ്, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് കുമാർ, വികാസ് വിഷൻ കോ-ഓർഡിനേറ്റർ ഡോ. ബാബു വർഗീസ്, കീസ്റ്റോൺ ഫൗണ്ടേഷൻ ചീഫ് കോ-ഓർഡിനേറ്റർ രാമചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് ചീഫ് ചൈത്ര തെരേസ ജോൺ വിദ്യാർത്ഥികളുമായി സംവാദം നടത്തി.