ലഹരിവിരുദ്ധ പോരാട്ടത്തിന് കരുത്തായി വന്ദനയുടെ ഓർമ്മകൾ പിതാവിന് തൂഫാൻ വാറിയർ ബാഡ്ജ് അണിയിച്ച് രമേശ് ചെന്നിത്തല

ലഹരിവിരുദ്ധ പോരാട്ടമായ ഓപ്പറേഷൻ തൂഫാൻ ക്യാമ്പെയ്ന് പിന്തുണ പ്രഖ്യാപിച്ച് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ പിതാവ് കെ.ജി. മോഹൻദാസ്. രമേശ് ചെന്നിത്തല അദ്ദേഹത്തിന് തൂഫാൻ വാറിയർ ബാഡ്ജ് അണിയിച്ചു.

ലഹരിവിരുദ്ധ പോരാട്ടത്തിന് കരുത്തായി വന്ദനയുടെ ഓർമ്മകൾ പിതാവിന് തൂഫാൻ വാറിയർ ബാഡ്ജ് അണിയിച്ച് രമേശ് ചെന്നിത്തല
ലഹരിക്ക് അടിമയായ പ്രതി ഡ്യൂട്ടിക്കിടെ ക്രൂരമായി കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി കേരളത്തിൻ്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് കരുത്ത്. ഹരിപ്പാട് എംഎൽഎ ഓഫീസിൽ വച്ച് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ആഭ്യന്തര വകുപ്പ്‌ മന്ത്രി രമേശ്‌ ചെന്നിത്തല ഡോ. വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസിന്‌ തൂഫാൻ വാറിയർ ബാഡ്‌ജ്‌ ധരിപ്പിക്കുന്നു.

ഇനിയൊരു വന്ദനയെ നാടിന് നഷ്ടപ്പെടരുത്"; ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി ഡോ. വന്ദന ദാസിന്റെ പിതാവ്

ഹരിപ്പാട്: ലഹരിക്ക് അടിമയായ പ്രതി ക്രൂരമായി കൊലപ്പെടുത്തിയ ഡോ. വന്ദന ദാസിന്റെ ഓർമ്മകൾ ഇനി നാടിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന് കരുത്താകും. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിൽ വന്ദനയുടെ പിതാവ് കെ.ജി. മോഹൻദാസിനെ രമേശ് ചെന്നിത്തല ഹരിപ്പാട് എം.എൽ.എ ഓഫീസിൽ വെച്ച് 'തൂഫാൻ വാറിയർ ബാഡ്ജ്' ധരിപ്പിച്ചു. ലഹരിക്കെതിരെയുള്ള സംസ്ഥാന വ്യാപക ജനകീയ മുന്നേറ്റമായ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ക്യാമ്പെയ്ന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

​ലഹരി ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും സമൂഹത്തെയും ഒന്നടങ്കം തകർക്കുന്ന മഹാവിപത്താണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

​"ഡോ. വന്ദന ദാസിന്റെ മരണം കേരളം ഒരുകാലത്തും മറക്കാൻ പാടില്ലാത്ത വേദനയാണ്. ഇനിയൊരു വന്ദനയും ഈ നാടിന് നഷ്ടമാകരുത്. അതുകൊണ്ടാണ് ലഹരിക്കെതിരായ ഈ പോരാട്ടത്തിൽ ഓരോരുത്തരും പങ്കാളികളാകേണ്ടത്. ഡോ. വന്ദനയുടെ കുടുംബം നൽകുന്ന പിന്തുണ ഈ ജനകീയ മുന്നേറ്റത്തിന് വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ്."

- രമേശ് ചെന്നിത്തല

​മകളെ നഷ്ടപ്പെട്ട ഒരു പിതാവെന്ന നിലയിൽ, ലഹരി സൃഷ്ടിക്കുന്ന ദുരന്തം മറ്റൊരു കുടുംബത്തിനും ഉണ്ടാകരുതെന്നാണ് തന്റെ പ്രാർത്ഥനയെന്ന് കെ.ജി. മോഹൻദാസ് വികാരാധീനനായി പറഞ്ഞു. യുവജനങ്ങളെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കാൻ സർക്കാർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങൾക്കും സമൂഹം കൈകോർക്കണമെന്നും, തന്റെ ഭാഗത്തുനിന്നുള്ള പിന്തുണ തുടർന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

​ലഹരിക്കെതിരായ പോരാട്ടം നിയമപാലകരുടെ മാത്രം ദൗത്യമല്ലെന്നും, ഓരോ കുടുംബത്തിന്റെയും സാമൂഹിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കൂട്ടായ പങ്കാളിത്തം ഇതിന് അനിവാര്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

​2023 മേയ് 10-നായിരുന്നു കേരളത്തെ നടുക്കിയ ആ ദുരന്തം നടന്നത്. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ, പോലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ച സന്ദീപ് എന്ന പ്രതി കത്രിക ഉപയോഗിച്ച് ഡോ. വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ലഹരിക്ക് അടിമയായ പ്രതിയുടെ അക്രമണത്തിലാണ് നാടിന് പ്രിയപ്പെട്ട ഡോക്ടറുടെ ജീവൻ പൊലിഞ്ഞത്.