ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം മോഹൻലാൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും
ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ തുടക്കമാകും. മാർച്ച് 3 നാണ് പൊങ്കാല. ഉത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളും ക്രമീകരണങ്ങളും സംബന്ധിച്ച പൂർണ്ണവിവരങ്ങൾ
തിരുവനന്തപുരം: അനന്തപുരി ഇനി ഭക്തിസാന്ദ്രമായ ഉത്സവലഹരിയിലേക്ക്. ലോകപ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 5.30-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവ ചടങ്ങുകൾക്ക് ആരംഭമാകും. ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ തോറ്റംപാട്ടും ഇന്ന് മുതൽ ആരംഭിക്കും.
കലാപരിപാടികളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും
രാത്രി 8 മണിക്ക് നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം ചലച്ചിത്ര താരം മോഹൻലാൽ നിർവഹിക്കും. ചടങ്ങിൽ ട്രസ്റ്റിന്റെ ആറ്റുകാൽ അംബാ പുരസ്കാരം മോഹൻലാലിന് സമർപ്പിക്കും. രാത്രി 10-ന് നന്ദഗോവിന്ദം ഭജൻസ് നടക്കും.
പ്രധാന ചടങ്ങുകൾ ഒറ്റനോട്ടത്തിൽ:
ഫെബ്രുവരി 25 (3-ാം ഉത്സവദിവസം): രാവിലെ 8.45-ന് കുട്ടികളുടെ കുത്തിയോട്ട വ്രതം ആരംഭിക്കും.
മാർച്ച് 3 (പൊങ്കാല ദിവസം): രാവിലെ 9.45-ന് അടുപ്പ്‌വെട്ട്, ഉച്ചയ്ക്ക് 2.15-ന് പൊങ്കാല നിവേദ്യം.
മാർച്ച് 3 രാത്രി: 8.30-ന് ചൂരൽകുത്ത്, 10.45-ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്.
മാർച്ച് 4: രാവിലെ 8-ന് അകത്തെഴുന്നള്ളിപ്പ്, രാത്രി 12.45-ന് കുരുതി തർപ്പണത്തോടെ സമാപനം.
സുരക്ഷാ നിർദേശങ്ങൾ കർശനം
ഉത്സവത്തോടനുബന്ധിച്ച് സ്റ്റാളുകളും ദീപാലങ്കാരങ്ങളും സ്ഥാപിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നിർദേശിച്ചു. ലൈസൻസുള്ള ഇലക്ട്രിക്കൽ കോൺട്രാക്ടർമാർ വഴി മാത്രമേ ദീപാലങ്കാരങ്ങൾ നടത്താവൂ. മെറ്റാലിക് ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ സ്റ്റാളുകൾ ട്രാൻസ്‌ഫോമറുകൾക്ക് സമീപം സ്ഥാപിക്കരുത്. വയറിങ്ങും ലൈറ്റുകളും പൊതുജനങ്ങളുമായി സമ്പർക്കത്തിൽ വരാത്ത രീതിയിൽ സുരക്ഷിതമായിരിക്കണം.
പൊലീസ്, റവന്യു, അഗ്നിരക്ഷാസേന, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി തുടങ്ങിയ വകുപ്പുകൾ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹരിതചട്ടം പാലിച്ചായിരിക്കും ഇത്തവണയും പൊങ്കാല ഉത്സവം നടക്കുക.

