ആരോഗ്യരംഗത്ത് സമഗ്രമാറ്റം വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ വികസന നേട്ടങ്ങളെക്കുറിച്ചും നെടുമങ്ങാട്ടെ പുതിയ പദ്ധതികളെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ.

ആരോഗ്യരംഗത്ത് സമഗ്രമാറ്റം വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി മുഖ്യമന്ത്രി പിണറായി വിജയൻ
ആരോഗ്യരംഗത്ത് സമഗ്രമാറ്റം വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി മുഖ്യമന്ത്രി പിണറായി വിജയൻ

നെടുമങ്ങാട്: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ കേരളത്തിന്റെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രംഗത്ത് ഉയർന്നു വരുന്ന പോരായ്മകൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

​"സർക്കാർ ആശുപത്രികൾ ഇന്ന് അത്യാധുനിക ചികിത്സാ സൗകര്യങ്ങളുള്ള കേന്ദ്രങ്ങളായി മാറി. കോവിഡ് കാലഘട്ടം നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ കരുത്ത് തെളിയിച്ചതാണ്. നവജാത ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ അമേരിക്കയെപ്പോലും മറികടക്കാൻ കേരളത്തിന് സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്," മുഖ്യമന്ത്രി പറഞ്ഞു.

​ആരോഗ്യ മേഖലയ്ക്ക് പുറമെ പൊതുവിദ്യാഭ്യാസ രംഗത്തും വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന ആയിരത്തോളം സ്കൂളുകളെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ വീണ്ടെടുത്തു. 5000 കോടി രൂപ ചിലവിൽ സ്കൂളുകൾ ഹൈടെക് ആക്കിയതോടെ പത്ത് ലക്ഷത്തിലധികം കുട്ടികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​കിഫ്ബി വഴി 1,16,000 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. നെടുമങ്ങാട് നടന്ന ചടങ്ങിൽ 1293 കോടി രൂപയുടെ വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ച് ഉദ്ഘാടനം, ജില്ലാ ആശുപത്രിയിലെ പുതിയ ആറുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനം തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു.

​ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.