മറ്റത്തിൽ റോയിച്ചനായി ബിജു പപ്പൻ ഷാജി കൈലാസ് ചിത്രം വരവ് ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറായി എത്തുന്നു
മലയാള സിനിമയിലെ കരുത്തുറ്റ നടൻ ബിജു പപ്പൻ, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ എത്തുന്നു. മലനാട് രാഷ്ട്രീയത്തിലെ തന്ത്രശാലിയായ മറ്റത്തിൽ റോയിച്ചൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
കൊച്ചി: മലയാള സിനിമയിൽ പോലീസ് ഓഫീസറായും വില്ലനായും സ്വഭാവ നടനായും തിളങ്ങിയ ബിജു പപ്പൻ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രത്തിലേക്ക് ചുവടുവെക്കുന്നു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന ചിത്രത്തിൽ 'മറ്റത്തിൽ റോയിച്ചൻ' എന്ന കഥാപാത്രമായിട്ടാണ് ബിജു പപ്പൻ എത്തുന്നത്.
എ.കെ. സാജന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ത്രില്ലറിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. മലനാട് രാഷ്ട്രീയത്തിലെ കുശാഗ്രബുദ്ധിയായ രാഷ്ട്രീയ തന്ത്രജ്ഞനാണ് റോയിച്ചൻ. ജനസേവനത്തേക്കാൾ സ്വന്തം നേട്ടങ്ങൾക്ക് മുൻഗണന നൽകുന്ന, പണവും സ്വാധീനവുമുള്ള രാഷ്ട്രീയക്കാരനായി ബിജു പപ്പൻ സ്‌ക്രീനിൽ നിറഞ്ഞുനിൽക്കും. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മേടയിൽ കൊച്ചേട്ടന്റെ (മുരളി ഗോപി) വലംകൈ കൂടിയാണ് ഇയാൾ.
ജോജു ജോർജ് 'കാട്ടുങ്കൽ പോളച്ചൻ' എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുകന്യ, അർജുൻ അശോകൻ, വിൻസി അലോഷ്യസ്, വാണി വിശ്വനാഥ്, ബാബുരാജ് തുടങ്ങി വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന ഈ ചിത്രം വമ്പൻ ക്യാൻവാസിലാണ് ഒരുങ്ങുന്നത്.
മൂന്നാർ, കാന്തല്ലൂർ, തേനി, വാഗമൺ, കോട്ടയം തുടങ്ങിയ ലൊക്കേഷനുകളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ ഛായാഗ്രഹണം എസ്. ശരവണനും എഡിറ്റിംഗ് ഷമീർ മുഹമ്മദുമാണ് നിർവഹിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് 'വരവ്' എന്ന ചിത്രത്തിലൂടെ സമ്മാനിക്കാമെന്ന പ്രതീക്ഷയിലാണ് ബിജു പപ്പൻ. ഇതിന് പുറമെ സുരേഷ് ഗോപി ചിത്രം 'ഒറ്റക്കൊമ്പനിലും' ശ്രദ്ധേയമായ വേഷം അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

