ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഇനി ഹരിതാഭമാകും തൈകൾ കൈമാറി
ഹരിതകേരളം മിഷന്റെ ഹരിതഭവനം പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറുടെ വസതിയിൽ പച്ചക്കറി, ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നു. ആലുവ നഗരസഭയുടെ ജൈവവളം ഉപയോഗിച്ചാണ് തൈകൾ വളർത്തുന്നത്.
ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഇനി 'ഹരിതഭവനം'; പച്ചക്കറി-ഫലവൃക്ഷത്തൈകൾ കൈമാറി
ആലുവ: ഹരിതകേരളം മിഷന്റെ 'ഹരിതഭവനം' പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതി ഇനി പച്ചപ്പണിഞ്ഞ ഹരിതഭാവത്തിലേക്ക്. പദ്ധതിയുടെ ഭാഗമായി കളക്ടറുടെ വസതിയിലേക്ക് ആവശ്യമായ പച്ചക്കറി തൈകളും ഫലവൃക്ഷത്തൈകളും കൈമാറി. ആലുവ നഗരസഭയുടെ ജൈവമാലിന്യ സംസ്‌കരണ യൂണിറ്റിൽ ഉൽപ്പാദിപ്പിച്ച ജൈവവളം ഉപയോഗിച്ച് വളർത്തിയെടുത്ത തൈകളാണ് ജില്ലാ കളക്ടർ ജി. പ്രിയങ്ക ഏറ്റുവാങ്ങിയത്.
നഗരസഭ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് നിർമ്മിച്ച ഗുണനിലവാരമുള്ള ചട്ടികളിലാണ് തൈകൾ തയ്യാറാക്കിയിരിക്കുന്നത് എന്നത് ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്. വസതിയിൽ ഒരു 'പച്ചത്തുരുത്ത്' ഒരുക്കുക എന്ന ലക്ഷ്യത്തോടെ വിവിധയിനം ഫലവൃക്ഷത്തൈകളും ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നൽകി.
വിളവെടുപ്പിന് ശേഷം കുറഞ്ഞ നിരക്കിൽ റീപ്ലാന്റ് ചെയ്ത് നൽകുന്ന സംവിധാനവും തൈകളുടെ വളർച്ച നിരീക്ഷിക്കാൻ പ്രത്യേക കൃഷി കൂട്ടായ്മയും ഫോൺ വഴിയുള്ള മോണിറ്ററിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ രഞ്ജിനി എസ്, സംസ്കരണ യൂണിറ്റ് ഡയറക്ടർ ഷിബു വിജയവേദം, അസോസിയേറ്റ് പാർട്ണർ റിഷി കെ. ആർ എന്നിവർ ചേർന്നാണ് തൈകൾ കൈമാറിയത്. സ്വകാര്യ പ്ലാസ്റ്റിക് സംരംഭകനായ ഷിയാസ് സി. അലി, ഹരിതകേരളം മിഷൻ കോർഡിനേറ്റർമാരായ നിസ്സ എ, അരുൺ കെ.എൽ, ജെഫിൻ ജോയ്, ദീപു ടി.എസ്, കൊച്ചിൻ കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ സൂര്യമോൾ എം.സി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

