ഒരു മനസും രണ്ട് ശരീരവുമായി ബിജെപിയും ട്വന്റി 20യും
ശബരിമല സ്വർണക്കൊള്ള കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സാബു എം. ജേക്കബുമായി ചേർന്ന് കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം.
ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രിക്ക് ഉളുപ്പുണ്ടെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് രാജീവ് ചന്ദ്രശേഖർ
കൊച്ചി: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് അല്പമെങ്കിലും ഉളുപ്പുണ്ടെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം പ്രസ് ക്ലബ്ബിൽ ട്വന്റി 20 പാർട്ടി നേതാവ് സാബു എം. ജേക്കബുമൊത്ത് നടത്തിയ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ നിന്ന് നാലരക്കിലോ സ്വർണം കവർന്നത് നിസ്സാരമായ കാര്യമല്ല. നിലവിലെ പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) വിശ്വാസമില്ല. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല. അതുകൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. കേസ് പല സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെട്രോമാൻ ഇ. ശ്രീധരൻ അതിവേഗ റെയിലിനായി ഓഫീസ് തുറന്നത് 100 ശതമാനവും കേന്ദ്രാനുമതിയോടെയാണെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേരളത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി താനും രാജീവ് ചന്ദ്രശേഖറും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. അമേരിക്കയുമായുള്ള നയതന്ത്ര ചർച്ചകളിലൂടെ കയറ്റുമതി തീരുവ 18 ശതമാനമായി കുറയ്ക്കാൻ സാധിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്ത് ഡൊണാൾഡ് ട്രംപ് കഴിഞ്ഞാൽ ഏറ്റവും പ്രശസ്തനായ നേതാവ് മോദിയാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു.

