മലപ്പുറത്ത് വയോജന അതിക്രമ കേസുകൾ കൂടുന്നു പരിഹാരവുമായി സാമൂഹ്യനീതി വകുപ്പ്, ജൂൺ 15 ന് ബോധവത്ക്കരണ ദിനം
വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15 ന് മലപ്പുറത്ത് വയോജനത്തിനെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനം ആചരിക്കുന്നു. മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും.
വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ബോധവത്ക്കരണ ദിനാചരണം ജൂൺ 15-ന്; മലപ്പുറത്ത് വിപുലമായ പരിപാടികൾ
മലപ്പുറം: വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 15-ന് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനം വിപുലമായി ആചരിക്കും. തിങ്കളാഴ്ച (15.06.2026) രാവിലെ 10 മണിക്ക് മലപ്പുറം ഗവ. കോളേജിൽ നടക്കുന്ന ജില്ലാതല ദിനാചരണ പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും.
മലപ്പുറം ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സൈനുൽ ആബിദ് കോട്ട അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും. ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറി ഷാബിൽ ഇബ്രാഹിം ദിനാചരണ സന്ദേശം നൽകും. തിരൂർ സബ് കളക്ടർ ദിലിപ് കെ. കൈനിക്കര, പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹനൻ, വയോജന കമ്മിറ്റി അംഗങ്ങൾ, സായംപ്രഭ അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും സംരക്ഷണവും സംബന്ധിച്ച നിയമ ക്ലാസുകൾ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങളെ ആദരിക്കൽ, മുതിർന്ന പൗരന്മാരുടെ കലാവിരുന്ന് എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി അരങ്ങേറും.
'വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാം' ലഘുലേഖ പ്രകാശനം ചെയ്തു
ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസ് തയ്യാറാക്കിയ 'വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാം' എന്ന ബോധവത്ക്കരണ ലഘുലേഖ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങലിന് നൽകി പ്രകാശനം ചെയ്തു. മുതിർന്നവരോടുള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നതിനും, തടയുന്നതിനും, അവരുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുമായാണ് ഈ ലഘുലേഖ തയ്യാറാക്കിയിട്ടുള്ളത്. ചടങ്ങിൽ സീനിയർ സൂപ്രണ്ട് രാജീവ്, ജൂനിയർ സൂപ്രണ്ട് മനോജ് മേനോൻ, കെ.സി. അബൂബക്കർ, പി. അബ്ബാസ്, കെ.പി. പ്രഭിത, കെ. വിജില, നൗഫൽ, കെ. ഷിബിൻലാൽ, ജില്ലാ കളക്ടറുടെ ഇന്റേണുകൾ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിൽ വയോജന അതിക്രമ കേസുകളിൽ വർധനവ്
മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്ന നിയമമനുസരിച്ച് മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നു. തിരൂർ, പെരിന്തൽമണ്ണ സബ് കളക്ടർമാർ പ്രിസൈഡിങ് ഓഫീസർമാരായുള്ള മെയിന്റനൻസ് ട്രൈബ്യൂണലുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ കണക്കുകൾ താഴെ പറയുന്നപ്രകാരമാണ്:
2023: 186 കേസുകൾ
2024: 254 കേസുകൾ
2025: 253 കേസുകൾ
2026 (ജൂൺ വരെ): 113 കേസുകൾ
നിലവിൽ മലപ്പുറം ജില്ലയിൽ ഒൻപത് വയോജന സദനങ്ങൾ (വൃദ്ധസദനങ്ങൾ) പ്രവർത്തിക്കുന്നുണ്ട്. 138 പുരുഷന്മാരും 121 സ്ത്രീകളും ഉൾപ്പെടെ ആകെ 259 അന്തേവാസികളാണ് ഈ സദനങ്ങളിൽ താമസിച്ചുവരുന്നത്.