ശബരമല സ്വർണ്ണക്കൊള്ളക്കേസ് മുൻ ദേവസ്വം ബോർഡ് സമിതിയും പ്രതിക്കൂട്ടിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി

ശബരിമലയിൽ ദ്വാരപാലക ശിൽപപാളികളിൽ വീണ്ടും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം. ദേവസ്വം അംഗം പി.ഡി. സന്തോഷ് കുമാറിന്റെ പങ്കും അന്വേഷിക്കാൻ മന്ത്രി കെ. മുരളീധരന്റെ നിർദ്ദേശം.

ശബരമല സ്വർണ്ണക്കൊള്ളക്കേസ് മുൻ ദേവസ്വം ബോർഡ് സമിതിയും പ്രതിക്കൂട്ടിലേക്ക് അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി
സ്മാർട് ക്രിയേഷൻസ് സ്വർണം പൂശിയ ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുൻ ദേവസ്വം ബോർഡ് സമിതിക്കെതിരെ അന്വേഷണം; പ്രതിപട്ടികയിൽ പ്രമുഖർ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ ഭരണസമിതിക്കെതിരെ അന്വേഷണം വ്യാപിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ശബരിമലയിലെ ദ്വാരപാലക ശിൽപപാളികൾ ഇളക്കിമാറ്റി വീണ്ടും സ്വർണ്ണം പൂശിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് മുൻ ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർ പ്രതിക്കൂട്ടിലാകുന്നത്. മുൻ സമിതിക്കൊപ്പം ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തേക്കുമെന്നാണ് സൂചന. ഇവരെ എസ്ഐടി വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

​തട്ടിപ്പ് മറയ്ക്കാൻ പുതിയ സ്വർണ്ണം പൂശൽ?

2025-ൽ നടന്ന സ്വർണ്ണം പൂശലിൽ നേരിട്ട് വലിയ കൊള്ള നടന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും, 2019-ൽ നടന്ന സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണോ പുതിയ സ്വർണ്ണം പൂശൽ നടത്തിയത് എന്നാണ് എസ്ഐടിയുടെ നിഗമനം. 2019-ൽ സ്വർണ്ണം പൂശി മടക്കിയെത്തിച്ച പാളികളുടെ തിളക്കം നഷ്ടപ്പെട്ടതോടെയാണ് പഴയ തട്ടിപ്പ് പുറത്താകാതിരിക്കാൻ പുതിയ സ്വർണ്ണം പൂശൽ പദ്ധതി ആസൂത്രണം ചെയ്തത്. ഇതിനായുള്ള നീക്കങ്ങൾ 2023-ൽ തന്നെ ആരംഭിച്ചിരുന്നതായി രേഖകളിൽ വ്യക്തമാണ്. സിപിഎം നേതാവായ പി.എസ്. പ്രശാന്ത് പ്രസിഡന്റായ ബോർഡിൽ സിപിഐ നേതാവ് എ. അജികുമാർ, സിപിഎം നേതാവ് പി.ഡി. സന്തോഷ് കുമാർ എന്നിവരായിരുന്നു മറ്റ് അംഗങ്ങൾ.

​ഹൈക്കോടതിയെ അറിയിക്കാതെ കേരളത്തിന് പുറത്തേക്ക് കടത്തി; ഗുരുതര വീഴ്ച

ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മീഷണറെ പോലും അറിയിക്കാതെയാണ് സ്വർണ്ണം പൂശിയ പാളികൾ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയത്. ഇതിൽ ദേവസ്വം ബോർഡിന് ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ എസ്ഐടി വ്യക്തമാക്കുന്നുണ്ട്. ഈ മാസം 29-നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അതിനുമുമ്പ് തന്നെ പ്രതികൾക്കെതിരെ നിർണായകമായ നടപടികളിലേക്ക് കടക്കാനും പുതിയ കേസ് രജിസ്റ്റർ ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

​പി.ഡി. സന്തോഷ് കുമാറിന്റെ പങ്കും അന്വേഷിക്കും

അതിനിടെ, സ്വർണ്ണം പൂശൽ ക്രമക്കേടുകളിൽ ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ് കുമാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ എസ്ഐടിക്ക് കത്തയച്ചു. പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് വെട്ടൂർ ജ്യോതി പ്രസാദ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. മുൻ ദേവസ്വം ബോർഡിൽ അംഗമായിരുന്ന സന്തോഷ് നിലവിലെ ബോർഡിലും തുടരുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ സ്വർണ്ണം പൂശാൻ എടുത്ത തീരുമാനങ്ങളിൽ സന്തോഷും പങ്കാളിയാണെന്നാണ് ഉയരുന്ന ആരോപണം. കൂടാതെ, ദേവസ്വം ബോർഡ് ഗസറ്റഡ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും സന്തോഷ് കുമാറിന് പങ്കുണ്ടെന്ന് ആരോപിച്ച് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് മുൻപ് മന്ത്രിക്ക് പരാതി നൽകിയിരുന്നു.