പൃഥ്വിരാജ് ചിത്രം ഖലീഫ യിലെ പ്രണയഗാനം പുറത്ത്
പൃഥ്വിരാജ് വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഖലീഫയിലെ ആദ്യ ഗാനം അസലായവളെ പുറത്തിറങ്ങി. ഓഗസ്റ്റ് 20 ന് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തും.
പൃഥ്വിരാജ്-വൈശാഖ് ചിത്രം 'ഖലീഫ': ആദ്യ ഗാനം 'അസലായവളെ' പുറത്തിറങ്ങി; റിലീസ് ഓഗസ്റ്റ് 20-ന്
കൊച്ചി: പൃഥ്വിരാജ് സുകുമാരൻ-വൈശാഖ്-ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഖലീഫ'യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ 'അസലായവളെ' എന്ന പ്രണയഗാനത്തിന്റെ ലിറിക് വീഡിയോയാണ് പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ സമർപ്പിച്ചത്. സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേർന്ന് ആലപിച്ച ഗാനത്തിന് വരികൾ കുറിച്ചത് മുത്തുവാണ്.
ഈ വർഷത്തെ ഓണം റിലീസായി ഓഗസ്റ്റ് 20-ന് ചിത്രം ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.
മാമ്പറയ്ക്കൽ ആമിർ അലിയായി പൃഥ്വിരാജ്
'പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന ശക്തമായ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തെലുങ്ക് താരം മാളവിക ശർമ്മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇവരുടെ പ്രണയ നിമിഷങ്ങൾ കോർത്തിണക്കിയ ഗാനരംഗങ്ങൾ ഇതിനകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.
ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെ സാന്നിധ്യമാണ്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന അതിഥി വേഷത്തിൽ എത്തുന്ന മോഹൻലാൽ, ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ നായകനായി എത്തുന്നുവെന്നതും ആരാധകരിൽ വലിയ ആവേശം നിറയ്ക്കുന്നുണ്ട്. നീൽ നിതിൻ മുകേഷ് ആദ്യമായി മലയാളത്തിൽ വേഷമിടുന്നു എന്ന പ്രത്യേകതയും ഖലീഫയ്ക്കുണ്ട്.
സ്വർണ്ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ആക്ഷനും ചേസ് രംഗങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നു. ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലായി വിപുലമായ ലൊക്കേഷനുകളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻചാക്കോ എഡിറ്റിംഗും നിർവ്വഹിക്കുന്നു