ആലപ്പുഴയുടെ പ്രിയ ഗുരുനാഥൻ കല്ലേലി രാഘവൻ പിള്ള അന്തരിച്ചു

പ്രമുഖ അധ്യാപകനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ കല്ലേലി രാഘവൻ പിള്ള (97) അന്തരിച്ചു. ചടങ്ങുകൾ ഇന്ന് വൈകിട്ട് ചാത്തനാട് ശ്മശാനത്തിൽ നടക്കും.

ആലപ്പുഴയുടെ പ്രിയ ഗുരുനാഥൻ കല്ലേലി രാഘവൻ പിള്ള അന്തരിച്ചു
ആലപ്പുഴയുടെ പ്രിയ 'ഗുരുനാഥൻ' കല്ലേലി രാഘവൻ പിള്ള അന്തരിച്ചു

ആലപ്പുഴയുടെ പ്രിയ 'ഗുരുനാഥൻ' കല്ലേലി രാഘവൻ പിള്ള അന്തരിച്ചു

ആലപ്പുഴ: അധ്യാപകനും എഴുത്തുകാരനും സ്വാതന്ത്ര്യസമരസേനാനിയുമായ ആലപ്പുഴ തോണ്ടൻകുളങ്ങര ‘ശ്രീവിദ്യ’യിൽ കല്ലേലി രാഘവൻ പിള്ള (97) അന്തരിച്ചു. ഒട്ടേറെ പ്രമുഖ വ്യക്തികൾക്കും അധ്യാപകർക്കും മാർഗദർശിയായിരുന്ന അദ്ദേഹം ‘ആലപ്പുഴയുടെ ഗുരുനാഥൻ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇന്നലെ വൈകിട്ട് 3.30-ഓടെ ആലപ്പുഴയിലെ വസതിയിലായിരുന്നു അന്ത്യം.

​മൃതദേഹം ഇന്ന് രാവിലെ 10 മണി മുതൽ 12 മണി വരെ എസ്.ഡി.വി. ശതാബ്ദി സ്മാരക ഓഡിറ്റോറിയത്തിലും തുടർന്ന് വസതിയിലും പൊതുദർശനത്തിന് വെക്കും. സംസ്കാരം വൈകിട്ട് 4 മണിക്ക് ചാത്തനാട് ശ്മശാനത്തിൽ നടക്കും.

​അധ്യാപനത്തിലും പൊതുരംഗത്തും സജീവം

1985-ൽ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരം ലഭിച്ച കല്ലേലി രാഘവൻ പിള്ള, 1952 മുതൽ 37 വർഷത്തോളം ആലപ്പുഴ എസ്.ഡി.വി സ്കൂളുകളിൽ അധ്യാപകനായും പ്രഥമാധ്യാപകനായും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം 18 വർഷം എം.എ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രിൻസിപ്പലായിരുന്നു. 40 വർഷത്തോളം അഖില കേരള ബാലജനസഖ്യം ആലപ്പുഴ യൂണിയന്റെ രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്.

​ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷൻ, ആകാശവാണി ഉപദേശക സമിതിയംഗം, ജവഹർ ബാലഭവൻ സ്ഥാപക ഡയറക്ടർ, ജില്ലാ സാക്ഷരതാ സമിതി അക്കാദമിക് കൗൺസിൽ അധ്യക്ഷൻ, ഭവന നിർമാണ സഹകരണ സംഘം ഡയറക്ടർ, ‘മുഖരേഖ’ മാസികയുടെ ചീഫ് എഡിറ്റർ തുടങ്ങി നിരവധിയായ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മൂന്ന് പതിറ്റാണ്ടിലേറെ നെഹ്റു ട്രോഫി വള്ളംകളി സ്മരണികയുടെ പത്രാധിപരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

​1964-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ മികച്ച ബാലസാഹിത്യ കൃതിക്കുള്ള പുരസ്കാരം നേടിയ ‘നല്ല കുട്ടി’ ഉൾപ്പെടെ 11 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

കുടുംബം

പരേതയായ എൻ. വിദ്യാവതിയാണ് (റിട്ട. അധ്യാപിക, എസ്.ഡി.വി. ജി.എച്ച്.എസ്.എസ്. നെടുവേലി) ഭാര്യ.

മക്കൾ: എൻ.ആർ. ബാലഗോപാൽ (റിട്ട. ബാങ്ക് ഓഫീസർ, ലണ്ടൻ), ഡോ. എൻ.ആർ. ചിത്ര (റിട്ട. പ്രൊഫസർ, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ, ആലപ്പുഴ), എൻ.ആർ. ശ്രീദേവി (പ്രിൻസിപ്പൽ, ജി.പി.എസ് ഇന്റർനാഷണൽ, കൊച്ചി).

മരുമക്കൾ: ഉർവശി ശർമ (അധ്യാപിക, ഹോങ്കോങ് സൗത്ത് ഐലൻഡ് സ്കൂൾ), കെ. ജയകുമാർ (റിട്ട. ഉദ്യോഗസ്ഥൻ, ഡിഫൻസ് മിനിസ്ട്രി, മസ്കത്ത്), കെ. വേണുഗോപാൽ (റിട്ട. എൻജിനീയർ, പെരുമ്പാവൂർ).