73.61 കോടി ചെലവഴിക്കും വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനത്തിന് തുടക്കം കുറിച്ച് മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. 73.61 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
വട്ടിയൂർക്കാവ് ജംഗ്ഷൻ വികസനം യാഥാർത്ഥ്യത്തിലേക്ക്; നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: തലസ്ഥാനവാസികളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വട്ടിയൂർക്കാവ് ജംഗ്ഷൻ വികസന പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം നിർവഹിച്ചു. കാലതാമസം ഒഴിവാക്കി സമയബന്ധിതമായി വികസന പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
പദ്ധതി ചെലവ് 73.61 കോടി രൂപ; റോഡ് വീതി 18.5 മീറ്ററാക്കും
ആദ്യഘട്ടത്തിൽ 73.61 കോടി രൂപ ചെലവഴിച്ചാണ് റോഡ് വികസനം നടപ്പിലാക്കുന്നത്. 7.215 കിലോമീറ്റർ നീളത്തിൽ വരുന്ന പ്രധാന റോഡുകളും ജംഗ്ഷനുകളുമാണ് ആദ്യഘട്ടത്തിൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത്.
നിലവിൽ 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകൾ, 18.5 മീറ്റർ വീതിയിലാണ് അന്താരാഷ്ട്ര നിലവാരത്തിൽ പുനർനിർമിക്കുന്നത്.
ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന പ്രധാന റോഡുകൾ:
ശാസ്തമംഗലം - മണ്ണറക്കോണം റോഡ്
തോപ്പുമുക്ക് - വട്ടിയൂർക്കാവ് റോഡ്
മണ്ണറക്കോണം - പേരൂർക്കട റോഡ്
മണ്ണറക്കോണം ജംഗ്ഷൻ വികസനം
ഗതാഗത തടസ്സമില്ലാതെ ഘട്ടം ഘട്ടമായുള്ള നിർമാണം
റോഡിന്റെ ഇരുവശങ്ങളിലും ഓട നിർമാണം, ആവശ്യമായ ഭാഗങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണം, വാട്ടർ അതോറിറ്റി-കെ.എസ്.ഇ.ബി ലൈനുകൾ മാറ്റിസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് പ്രാരംഭ ഘട്ടത്തിൽ നടക്കുന്നത്. ഇതിനായി കെ.എസ്.ഇ.ബിയ്ക്ക് 6.46 കോടി രൂപയും കേരള വാട്ടർ അതോറിറ്റിക്ക് 6.93 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
യാത്രക്കാർക്കും വാഹനങ്ങൾക്കും പരമാവധി ഗതാഗത തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ റോഡിന്റെ ഓരോ വശങ്ങളിലെയും നിർമാണം ഘട്ടം ഘട്ടമായിട്ടായിരിക്കും പൂർത്തിയാക്കുക. കേരള റോഡ് ഫണ്ട് ബോർഡ് (KRFB) പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ മേൽനോട്ട ചുമതല. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ULCCS) നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
ചടങ്ങിൽ കൗൺസിലർമാരായ വിഷ്ണു മോഹൻ, സുമി ബാലു, നന്ദഭാർഗവ്, പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ വിമൽ പി.ബി, അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു.യു, പ്രോജക്ട് എൻജിനീയർ ശരത്ചന്ദ്രൻ സി തുടങ്ങിയ ഉദ്യോഗസ്ഥരും പങ്കെടുത്തു.