കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ തിളങ്ങിയ ആറു വർഷങ്ങൾ കെ.വി. മനോജ് കുമാറിന് ഊഷ്മളമായ യാത്രയയപ്പ്

ആറു വർഷത്തെ സേവനത്തിനു ശേഷം സ്ഥാനമൊഴിയുന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന് യാത്രയയപ്പ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉപഹാരം സമർപ്പിച്ചു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിൽ തിളങ്ങിയ ആറു വർഷങ്ങൾ കെ.വി. മനോജ് കുമാറിന് ഊഷ്മളമായ യാത്രയയപ്പ്
കാലാവധി പൂർത്തിയാക്കിയ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാറിന് നൽകിയ യാത്രയപ്പിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉപഹാരം നൽകുന്നു

ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന് യാത്രയയപ്പ് നൽകി

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറിന്റെ സേവന കാലാവധി പൂർത്തിയായി. കമ്മീഷൻ ഓഫീസിൽ ചേർന്ന ചടങ്ങിൽ ചെയർപേഴ്സണ് കമ്മീഷൻ അംഗങ്ങളും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉപഹാരം സമർപ്പിച്ച് സംസാരിച്ചു. കമ്മീഷന്റെ ആറ് വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ക്രോഡീകരിച്ച പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ ഡോ. ദിവ്യ എസ് അയ്യർ നിർവ്വഹിച്ചു.

​രണ്ടു തവണകളിലായി തുടർച്ചയായി ആറു വർഷമാണ് കെ.വി. മനോജ് കുമാർ കമ്മീഷൻ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചത്. ഈ കാലയളവിൽ കുട്ടികളുടെ സുരക്ഷ, ക്ഷേമം, അവകാശ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് വിപ്ലവകരമായ നിരവധി ഉത്തരവുകൾ കമ്മീഷൻ പുറപ്പെടുവിച്ചിരുന്നു. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുന്നതിന് കമ്മീഷൻ നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് യൂണിസെഫിന്റെ (UNICEF) അന്താരാഷ്ട്ര അംഗീകാരവും ലഭിക്കുകയുണ്ടായി.

​കുട്ടികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ഡിജിറ്റൽ ഡാഷ്‌ബോർഡ്, ഓൺലൈൻ പരാതി പരിഹാര സംവിധാനം, ശിശുകേന്ദ്രീകൃത ദുരന്തനിവാരണ രീതികൾ, മാധ്യമങ്ങൾക്കായുള്ള പ്രോട്ടോകോൾ, ടൈപ്പ് 1 ഡയബറ്റിക് കുട്ടികളുടെ പുനരധിവാസവും ക്ഷേമവും, മൊബൈൽ ഫോൺ ഉപയോഗ നിയന്ത്രണം, കുട്ടികൾക്കായുള്ള 'റേഡിയോ നെല്ലിക്ക' തുടങ്ങിയവ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടപ്പിലാക്കിയ പ്രധാന ഇടപെടലുകളാണ്.

​കൂടാതെ, സ്കൂൾ കലോത്സവങ്ങളിലെ ബാലാവകാശ ലംഘനങ്ങൾ തടയാൻ മാന്വൽ പരിഷ്കരിച്ചതും, കുട്ടികളിലെ ആത്മഹത്യാ പ്രവണത പ്രതിരോധിക്കൽ, കോവിഡ് കാലത്തെ വിദ്യാഭ്യാസം, തോട്ടം മേഖലയിലെ കുട്ടികളുടെ അവകാശങ്ങൾക്കായി ടാസ്ക് ഫോഴ്സ് രൂപീകരണം, ശൈശവ വിവാഹ-ബാലവേല മുക്ത കേരളം, ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷണം, വിவாகബന്ധം വേർപിരിയുന്നതിലൂടെ കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങളിലെ ഇടപെടൽ എന്നിവയിലും കമ്മീഷൻ നിർണ്ണായക പങ്കുവഹിച്ചു.

​സുപ്രീംകോടതി മാനദണ്ഡപ്രകാരം കുട്ടികളിലെ ആർത്തവകാല ശുചിത്വ മാനേജ്‌മെന്റ് മോണിറ്ററിംഗ് ചുമതലയുള്ള സംസ്ഥാന ബാലാവകാശ കമ്മീഷൻ, ഇതിനായി വിവിധ ജില്ലകളിലെ സ്കൂളുകൾ നേരിട്ട് സന്ദർശിച്ച് വിലയിരുത്തലുകൾ നടത്തിയിരുന്നു. കേരളത്തിലെ മികച്ച ബാലാവകാശ മാതൃക പഠിക്കുന്നതിനായി രാജസ്ഥാൻ, തമിഴ്‌നാട്, മണിപ്പൂർ, ഡൽഹി, കർണാടക, ജാർഖണ്ഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ ബാലാവകാശ കമ്മീഷനുകളും ഈ കാലയളവിൽ കേരളം സന്ദർശിച്ചിരുന്നു.