ഓണവിപണിയിൽ റെയ്ഡ് ശക്തം ചെങ്കല്ല് കടത്ത് ,ഹോട്ടലുകൾക്കും വൻ പിഴ രണ്ട് സ്ഥാപനങ്ങൾ പൂട്ടി

ഓണക്കാലത്ത് ജില്ലയിൽ പരിശോധന ശക്തമാക്കി വിവിധ വകുപ്പുകൾ. അനധികൃത ചെങ്കല്ല് കടത്ത്, അശാസ്ത്രീയ മാലിന്യ സംസ്കരണം, വിപണിയിലെ ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ കർശന നടപടി.

ഓണവിപണിയിൽ റെയ്ഡ് ശക്തം ചെങ്കല്ല് കടത്ത് ,ഹോട്ടലുകൾക്കും വൻ പിഴ രണ്ട് സ്ഥാപനങ്ങൾ പൂട്ടി
മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ഇരിക്കൂറില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നു
ഓണവിപണിയിൽ റെയ്ഡ് ശക്തം ചെങ്കല്ല് കടത്ത് ,ഹോട്ടലുകൾക്കും വൻ പിഴ രണ്ട് സ്ഥാപനങ്ങൾ പൂട്ടി

ഓണം സ്പെഷ്യൽ ഡ്രൈവ്: കണ്ണൂർ ജില്ലയിൽ പരിശോധന ശക്തം; നിയമലംഘകർക്കെതിരെ കർശന നടപടി

കണ്ണൂർ: ഓണക്കാലത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും വിപണിയിലെ അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ ഊർജിതമാക്കി. മൈനിംഗ് ആന്റ് ജിയോളജി, തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, ലീഗൽ മെട്രോളജി, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തിയ റെയ്ഡുകളിൽ വൻതുക പിഴ ഈടാക്കുകയും നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

​ഇരിക്കൂർ, പേരാവൂർ മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി ചെങ്കല്ല് കടത്തുകയായിരുന്ന ഏഴ് വാഹനങ്ങൾ മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് റോയൽറ്റി ഇനത്തിൽ 1,70,400 രൂപ പിഴയായി ഈടാക്കി.

​തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് തലശ്ശേരിയിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് 11 സ്ഥാപനങ്ങൾക്കായി 61,000 രൂപ പിഴ ചുമത്തി. എടയാറിലെ പന്നിഫാമിലേക്ക് ഹോട്ടൽ അവശിഷ്ടങ്ങളുമായി പോയ ലോറിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് ദിവസം നീണ്ട ഈ റെയ്ഡ്.

​ഓണം വിപണിയിൽ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ തടയാൻ സിവിൽ സപ്ലൈസ് വകുപ്പ് 500-ലേറെ കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി. ക്രമക്കേട് കണ്ടെത്തിയ 21 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് നോട്ടീസ് നൽകി. ലീഗൽ മെട്രോളജി വകുപ്പ് അളവുതൂക്ക നിയമലംഘനങ്ങൾക്ക് ഏഴ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

​ശുചിത്വ ലംഘനം നടത്തിയ സ്ഥാപനങ്ങൾക്കെതിരെ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടപടി കർശനമാക്കി. 700-ഓളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 21 ഇടങ്ങൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച ഒരു തട്ടുകടയും ഒരു ഇറച്ചിവെട്ട് ശാലയും അടപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.