മെൽ കൗ പോണ്ടിച്ചേരി ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അർജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഖിൽ മോഹൻ സംവിധാനം ചെയ്യുന്ന മെൽ കൗ പോണ്ടിച്ചേരി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി പ്രകാശനം ചെയ്ത് മന്ത്രി പി. സി. വിഷ്ണു നാഥ്
നിഖിൽ മോഹൻ ചിത്രം 'മെൽ കൗ പോണ്ടിച്ചേരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു; പ്രകാശനം ചെയ്ത് മന്ത്രി പി. സി. വിഷ്ണു നാഥ്
തിരുവനന്തപുരം: നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മെൽ കൗ പോണ്ടിച്ചേരി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിങ്ങം ഒന്നിന് സംസ്ഥാന സാംസ്കാരിക മന്ത്രി പി. സി. വിഷ്ണു നാഥ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം ചെയ്തത്.
മുകളിലേക്ക് ഉറ്റുനോക്കുന്ന അർജുൻ അശോകനെ അൽത്താഫ് സലിം, ബാലു വർഗീസ്, സനൂപ് തൈക്കൂടം, ശരത് സഭ, അന്ന, അമൽഷാ എന്നിവർ ചേര്‍ന്ന് തടഞ്ഞുനിർത്തുന്ന രസകരമായ ചിത്രമാണ് പോസ്റ്ററിലുള്ളത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ഫസ്റ്റ് ലുക്ക് വൻ സ്വീകാര്യത നേടിയിട്ടുണ്ട്.
പോണ്ടിച്ചേരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫുൾ-ഫൺ എൻ്റർടെയ്നറാണ്. ക്യാമ്പസ് പഠനകാലത്തിന് ശേഷം സുഹൃത്തുക്കൾ വീണ്ടും പോണ്ടിച്ചേരിയിൽ ഒത്തുചേരുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേഹം. ചിരിയോടൊപ്പം ചിന്തയും ഉദ്വേഗവും ഉണർത്തുന്ന സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
അരുൺ ഗോപി എക്‌സൈറ്റ്‌മെന്റ്, ജസ്റ്റിൻ ആന്റണി മാത്യു എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ അരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഡിജോ ജോസ് ആന്റണിയുടെ സഹസംവിധായകനും 'പ്രിൻസ് ആൻഡ് ഫാമിലി'യുടെ കോ-റൈറ്ററുമായിരുന്ന നിഖിൽ മോഹൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണിത്.
അർജുൻ അശോകൻ, അൽത്താഫ് സലിം, ബാലു വർഗീസ്, ശരത് സഭ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ശ്രീ ലക്ഷ്മി വിജയനാണ് നായിക. ചിത്രത്തിന്റെ തിരക്കഥാകൃത്തായ സനൂപ് തൈക്കൂടം, സോഷ്യൽ മീഡിയ താരം അന്നാമ്മ, അമൽഷാ, മൊട്ട രാജേന്ദ്രൻ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം: സനീഷ് സ്റ്റാൻലി
സംഗീതം: ഇലക്ട്രോണിക് കിളി
എഡിറ്റിംഗ്: സാഗർ ദാസ്
കലാസംവിധാനം: അജി കുറ്റ്യാനി
ചീഫ് അസോസിയേറ്റ് ഡയറക്ടർ: പാർത്ഥൻ
പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല
ദുബായ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

