കെഎസ്എഫ്ഡിസി ചിത്രം മുംതാ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത മുംതാ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. എല്ലാ സാങ്കേതിക വിഭാഗത്തിലും വനിതകൾ നേതൃത്വം നൽകുന്ന മലയാളത്തിലെ ആദ്യ ചിത്രം.

കെഎസ്എഫ്ഡിസി ചിത്രം മുംതാ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കെഎസ്എഫ്ഡിസി ചിത്രം 'മുംതാ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC) നിർമ്മിച്ച് ഫർസാന ബിനി അസാഫർ സംവിധാനം ചെയ്ത "മുംതാ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറങ്ങി. സംസ്ഥാന സർക്കാരിന്റെ വനിതകളുടെ സംവിധാനത്തിലുള്ള സിനിമാ പദ്ധതി പ്രകാരമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

​മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി എല്ലാ ഡിപ്പാർട്ട്‌മെന്റുകളിലും വനിതകൾ ചീഫ് ടെക്‌നീഷ്യന്മാരായി പ്രവർത്തിച്ചു എന്ന അപൂർവ്വ നേട്ടം ഈ ചിത്രത്തിന് സ്വന്തമാണ്. മൂന്ന് സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയും ഫർസാനയുടേതാണ്. ധനലക്ഷ്മി, വൃന്ദ മേനോൻ, നന്ദിനി എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, നവാസ് വള്ളിക്കുന്ന്, സിബി തോമസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. പ്രശസ്ത ഗായിക അനിത ഷെയ്ക്കാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

​ഫൗസിയ ഫാത്തിമ (ക്യാമറ), വീണ ജയപ്രകാശ് (എഡിറ്റിംഗ്), രത്തീന പി.ടി (ലൈൻ പ്രൊഡക്ഷൻ), ദുന്ദു രാജീവ് രാധ (ആർട്ട്), ഐറിൻ ജോസഫ് (മേക്കപ്പ്), ഫെമിന ജബ്ബാർ (കോസ്റ്റ്യൂം), ലക്ഷ്മി പ്രേകുമാർ (പി ആർ സ്ട്രാറ്റജി), ഗംഗ ദാസ് രാധിക (സൗണ്ട് ഡിസൈൻ) എന്നിങ്ങനെ സിനിമയുടെ പിന്നണിയിൽ വലിയൊരു വനിതാ നിര തന്നെ അണിനിരക്കുന്നു.