സ്വർണം കട്ടവനെന്ന് വിളിക്കരുത് കടകംപള്ളി സുരേന്ദ്രൻ
ശബരിമല സ്വർണപ്പാളി കവർച്ചാ കേസുമായി ബന്ധപ്പെട്ട് തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ആവശ്യപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ
സ്വർണം കട്ടവനെന്ന് വിളിക്കരുത്, സമാധാനമായി ഉറങ്ങണം സതീശനോട് കടകംപള്ളി
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ചാ കേസുമായി ബന്ധപ്പെട്ട് തന്നെ 'സ്വർണം കട്ടവൻ' എന്ന് വിളിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് ആവശ്യപ്പെട്ട് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി.ഡി. സതീശനെതിരായ മാനനഷ്ടക്കേസ് പരിഗണിക്കവെ തിരുവനന്തപുരം മൂന്നാം സബ് കോടതിയിലാണ് കടകംപള്ളി ഈ വൈകാരികമായ ആവശ്യം ഉന്നയിച്ചത്.
ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ ഉദ്യോഗസ്ഥരെയോ രാഷ്ട്രീയ നേതാക്കളെയോ വിമർശിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. എന്നാൽ തന്നെ വ്യക്തിപരമായി സ്വർണം കട്ടവൻ എന്ന് ആക്ഷേപിക്കരുത്. ഇത്തരം ഗുരുതരമായ ആരോപണങ്ങൾ കേട്ടാൽ വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ കഴിയില്ലെന്നും കടകംപള്ളി കോടതിയിൽ പറഞ്ഞു.
കടകംപള്ളിയുടെ ഈ ആവശ്യം പരിഗണിക്കാനാകുമോ എന്ന കോടതിയുടെ ചോദ്യത്തിന്, വി.ഡി. സതീശനുമായി സംസാരിച്ച ശേഷം മാത്രമേ മറുപടി നൽകാൻ കഴിയൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു അറിയിച്ചു. അതേസമയം, മുൻപ് നടത്തിയ പ്രസ്താവനകളിൽ ഉറച്ചുനിൽക്കുന്നുവെന്നും അവ മാനനഷ്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നുമാണ് സതീശന്റെ നിലപാട്.
തനിക്കെതിരെയുള്ള ആരോപണങ്ങൾ പിൻവലിക്കണമെന്നും തുടർന്ന് ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി ഹർജി നൽകിയിരിക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവിന്റെ കൃത്യമായ നിലപാട് അറിയുന്നതിനായി കോടതി കേസ് ഈ മാസം 18-ലേക്ക് മാറ്റി.

