ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘത്തിന്റെ വാൻ അപകടത്തിൽപ്പെട്ടു ഗായിക ലക്ഷ്മി മരിച്ചു
കൊല്ലം ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ മരത്തിലിടിച്ച് ഗായിക ലക്ഷ്മി (20) മരിച്ചു. നാല് പേർക്ക് പരിക്ക്.
ശാസ്താംകോട്ടയിൽ വാഹനാപകടം: മരത്തിലിടിച്ച് പിക്കപ്പ് വാൻ തകർന്നു; യുവ നാടൻപാട്ട് ഗായികയ്ക്ക് ദാരുണാന്ത്യം
ശാസ്താംകോട്ട: കൊല്ലം ശാസ്താംകോട്ടയിൽ നാടൻപാട്ട് സംഘം സഞ്ചരിച്ചിരുന്ന വാൻ മരത്തിലിടിച്ച് യുവ ഗായിക മരിച്ചു. കടയ്ക്കൽ ചിതറ മാടൻകാവ് ലക്ഷ്മി ഭവനത്തിൽ ബാലു - ഷീബ ദമ്പതികളുടെ മകൾ ലക്ഷ്മി (20) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ കൊട്ടാരക്കര - ഭരണിക്കാവ് സംസ്ഥാന പാതയിൽ സിനിമാപറമ്പ് ജംഗ്ഷന് സമീപമായിരുന്നു അപകടം.
ചടയമംഗലത്ത് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന മൈനാഗപ്പള്ളി സ്വദേശികളുടെ അഞ്ചംഗ നാടൻപാട്ട് സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് റോഡരികിലെ ബവ്റിജസ് ഔട്ട്ലറ്റിന് സമീപമുള്ള മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ വാനിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹത്തിലുണ്ടായിരുന്ന മറ്റ് നാല് യുവാക്കൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് മേൽനടപടികൾ സ്വീകരിച്ചു വരുന്നു. ലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

