വിദ്യാർത്ഥികൾ നാടിന്റെ സ്വപ്നവും പ്രതീക്ഷയും ആലുവ പ്രതിഭാ സംഗമത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ വരുത്തുമെന്നും ലോകത്തെ പ്രമുഖ സർവ്വകലാശാലകളെ സംസ്ഥാനത്തേക്ക് ആകർഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ. ആലുവയിൽ സംഘടിപ്പിച്ച എം.എൽ.എ മെറിറ്റ് അവാർഡ് വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിത മാറ്റം; വിദേശ സർവകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ
ആലുവ: അറിവുകൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ആധുനിക ലോകത്തെ വെല്ലുവിളികളെ നേരിടാൻ ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ അക്കാദമിക് പ്രോഗ്രാമുകളും ആധുനിക പഠന സംവിധാനങ്ങളും സംസ്ഥാനത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായി ലോകത്തെ പ്രമുഖ സർവ്വകലാശാലകളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആലുവ മഹാത്മാഗാന്ധി മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രതിഭാ സംഗമവും എം.എൽ.എ മെറിറ്റ് അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാർത്ഥികൾ മാതാപിതാക്കളുടെ മാത്രമല്ല, ഈ നാടിന്റെയാകെ സ്വപ്നവും പ്രതീക്ഷയുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉയർന്ന നിലകളിൽ എത്തിച്ചേർന്ന് നാടിന്റെ പുരോഗതിക്കായി സംഭാവന നൽകാൻ വിദ്യാർത്ഥികൾക്ക് കഴിയണം. ആഗോളതലത്തിൽ തൊഴിൽ മേഖലകളിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഇതിനെ മറികടക്കാൻ വിദ്യാർത്ഥികൾ മികച്ചവരായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എ.ഐ അധിഷ്ഠിത ഡാഷ്‌ബോർഡ് വരുന്നു
സാങ്കേതികവിദ്യയുടെ വികാസം ഭരണരംഗത്തും വലിയ മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഡാറ്റാ അധിഷ്ഠിത ഭരണസംവിധാനമാണ് (Data-driven Governance) സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഡാഷ്‌ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. നൂറു ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന 550-ഓളം പദ്ധതികളുടെ പുരോഗതി ഇതിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും സുതാര്യമായി വിലയിരുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത്, പ്രത്യേകിച്ച് പെൺകുട്ടികൾ കൈവരിക്കുന്ന മുന്നേറ്റം പ്രശംസനീയമാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സാന്നിധ്യം ശ്രദ്ധേയമാണ്. ആലുവ മണ്ഡലത്തിലെ വികസന കാര്യങ്ങളിലും വിദ്യാർത്ഥികളുടെ ആവശ്യങ്ങളിലും സജീവമായി ഇടപെടുന്ന അൻവർ സാദത്ത് എം.എൽ.എയുടെ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി വേദിയിൽ പ്രത്യേകം അഭിനന്ദിച്ചു. ആലുവയിൽ സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പ്രത്യേക പരിശീലന സംവിധാനം ഒരുക്കുന്ന കാര്യത്തിൽ അനുകൂലമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് നൽകിയ സൗജന്യം അവരോടുള്ള ആദരവാണെന്നും അതുവഴി സാമൂഹിക സാമ്പത്തിക പുരോഗമനമാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി. ചടങ്ങിൽ നീന്തൽ പരിശീലകൻ സജി വളാശ്ശേരിയെ മുഖ്യമന്ത്രി ആദരിച്ചു.
അൻവർ സാദത്ത് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എം.പിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ആലുവ മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സൈജി ജോളി, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ സി.എം ശശിധരൻ, ജനപ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.