കുട്ടികൾ വരെ ലഹരിക്ക് അടിമപ്പെടുന്നു, ലഹരിമാഫിയക്കെതിരെ പോരാടാൻ സമൂഹം ഒന്നിക്കണം മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
സംസ്ഥാനത്ത് രാസലഹരികൾക്കും മയക്കുമരുന്നുകൾക്കുമെതിരെ ശക്തമായ നടപടികളുമായി സർക്കാർ. മലപ്പുറത്ത് നടന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു. ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ച് മന്ത്രി.
ലഹരിക്കെതിരെയുള്ള പോരാട്ടം സര്‍ക്കാര്‍ ശക്തമാക്കും: മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: സംസ്ഥാനത്ത് രാസലഹരികളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം പ്രായഭേദമന്യേ വര്‍ദ്ധിക്കുകയും വലിയ സാമൂഹിക വിപത്തായി മാറുകയും ചെയ്ത സാഹചര്യത്തില്‍, ലഹരിമാഫിയക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് ആവിഷ്കരിച്ച 'ഓപ്പറേഷന്‍ തൂഫാന്‍' ശക്തമായി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
ലഹരി ഉപയോഗം മൂലം ക്രൂരമായ കൊലപാതകങ്ങളും അക്രമങ്ങളും സംസ്ഥാനത്ത് വ്യാപിക്കുന്ന സാഹചര്യം ആശങ്കാജനകമാണ്. കുടുംബങ്ങളിലെ സമാധാനവും നാടുകളിലെ സ്വൈര്യജീവിതവും ദുസ്സഹമാകുന്ന പശ്ചാത്തലത്തിലാണ് ലഹരി വില്പനക്കാര്‍ക്കും ഏജന്റുമാര്‍ക്കുമെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നത്. ചെറിയ കുട്ടികള്‍ വരെ ലഹരിക്കടിമപ്പെടുന്ന ഗുരുതരമായ സാഹചര്യമാണ് ഇന്നുള്ളത്. അതിനാൽ ലഹരിക്കെതിരെയുള്ള ഈ വലിയ പോരാട്ടത്തില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.
ദിനാചരണത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് മലപ്പുറത്ത് സംഘടിപ്പിച്ചത്. ഇരുനൂറോളം കോളേജ് വിദ്യാര്‍ത്ഥികളും എക്‌സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്ത 'ഫണ്‍ റണ്‍' മലപ്പുറം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച് ഗവണ്‍മെന്റ് കോളേജില്‍ സമാപിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പ്രദീപ് റാവു ഫണ്‍ റണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് മലപ്പുറം ടൗണില്‍ സെന്റ് ജെമ്മാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മലപ്പുറം ഗവണ്‍മെന്റ് കോളേജ് എന്‍എസ്എസ് യൂണിറ്റ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്‌ളാഷ് മോബും ശ്രദ്ധേയമായി.
മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എ.പി സ്മിജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിമുക്തി റിസോഴ്‌സ് പേഴ്‌സണ്‍ കെ. ഗണേശന്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശവും, ജില്ലാ വിമുക്തി മിഷന്‍ കോഡിനേറ്റര്‍ സിജേഷ് പി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. മലപ്പുറം എക്‌സൈസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ ബോധവല്‍ക്കരണ ഷോര്‍ട്ട് വീഡിയോയും ചടങ്ങിൽ പ്രദര്‍ശിപ്പിച്ചു. ഫണ്‍ റണ്ണിൽ പങ്കെടുത്തവര്‍ക്കായി ആസ്റ്റര്‍ വളണ്ടിയേഴ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ജേഴ്സിയുടെ പ്രകാശനം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ജിജു ജോസ് നിർവ്വഹിച്ചു.
ഗവണ്‍മെന്റ് കോളേജ് മലപ്പുറം, ഗവണ്‍മെന്റ് വുമണ്‍സ് കോളേജ്, വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകൾ (സെന്റ് ജമ്മാസ്, ബോയ്സ്, ഗേൾസ്, എംഎസ്പി) എന്നിവിടങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാരും വിദ്യാര്‍ത്ഥികളും അധ്യാപകരും കുടുംബശ്രീ പ്രവര്‍ത്തകർ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുൾപ്പെടെ മുന്നൂറ്റമ്പതോളം പേർ പരിപാടികളിൽ സജീവമായി പങ്കെടുത്തു. കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ റെജി തോമസ്, ടി കെ സതീഷ്, മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി. സുരേഷ്, ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സിഎസ്ആര്‍ വിങ് പ്രതിനിധി റാഷിക് സി, വിмуക്തി കോഡിനേറ്റര്‍ ജിഷില്‍ പി നായര്‍ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.