കോട്ടയം മെഡിക്കൽ കോളജിൽ കാൻസർ വിഭാഗത്തിൽ മരുന്നുകളില്ല രോഗികൾ ദുരിതത്തിൽ
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ വലയുന്നു. സർക്കാർ ടെന്ററിങ്ങിലെ നൂലാമാലകളും കുടിശികയും കാരണം മരുന്ന് വിതരണം നിലച്ചു.
മരുന്നില്ലാതെ കോട്ടയം മെഡിക്കൽ കോളജ്; കാൻസർ രോഗികൾ ദുരിതത്തിൽ; മരുന്നു കമ്പനികളുടെ കൊള്ളവില
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കാൻസർ വിഭാഗത്തിൽ മരുന്നുകളില്ലാതെ രോഗികൾ കടുത്ത ദുരിതത്തിൽ. വിലയേറിയ കാൻസർ മരുന്നുകളൊന്നും തന്നെ നിലവിൽ ആശുപത്രിയിലില്ല. കീമോതെറപ്പി ഉൾപ്പെടെയുള്ള അടിയന്തര ചികിത്സകൾക്കായി എത്തുന്ന രോഗികൾ ഇപ്പോൾ മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ട ഗതികേടിലാണ്.
വർഷത്തിൽ ഏതാണ്ട് 7 കോടി രൂപയുടെ കാൻസർ മരുന്നുകളാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആവശ്യമായി വരുന്നത്. എന്നാൽ, ഈ വർഷം ഏപ്രിൽ ഒന്നുമുതൽ കാൻസർ മരുന്നുകൾ ഒന്നുംതന്നെ ആശുപത്രി മരുന്ന് സ്റ്റോറിൽ എത്തിയിട്ടില്ലെന്നാണ് വിവരം. കഴിഞ്ഞ വർഷം മിച്ചമുണ്ടായിരുന്ന സ്റ്റോക്കാകട്ടെ ഏപ്രിൽ പകുതിയോടെ പൂർണ്ണമായും തീരുകയും ചെയ്തു. സർക്കാർ ടെന്ററിങ്ങിലെ സാങ്കേതിക നൂലാമാലകളും മരുന്നു വിതരണക്കാർക്ക് നൽകാനുള്ള കോടികളുടെ കുടിശിക തുകയുമാണ് മരുന്ന് ലഭ്യത മുടങ്ങാൻ കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മരുന്നുകൾ വീണ്ടും എത്തിച്ചേരാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന.
ദിവസേന നൂറിലധികം (100–120) രോഗികളാണ് കീമോതെറപ്പി, കുത്തിവയ്പ്പ്, മറ്റ് മരുന്നുകൾ എന്നിവയ്ക്കായി ഇവിടെയെത്തുന്നത്. ഇതിൽ 70 മുതൽ 90 ശതമാനം പേരും കാരുണ്യ പോലുള്ള വിവിധ സർക്കാർ ഇൻഷുറൻസ് ആനുകൂല്യങ്ങളിൽ ചികിത്സ തേടുന്ന നിർദ്ധന രോഗികളാണ്. എന്നാൽ ഇൻഷുറൻസ് ആനുകൂല്യത്തിൽ മരുന്നു ലഭിക്കേണ്ട സ്റ്റോറുകളിലും നിലവിൽ സ്റ്റോക്കില്ല. മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലുള്ള കാരുണ്യ ഫാർമസിയിലെ 'സീറോ പ്രോഫിറ്റ് കൗണ്ടറും' ഇപ്പോൾ ശൂന്യമാണ്. ഇവിടെ മരുന്ന് എത്താതിരിക്കാൻ ചില നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രോഗികളും കൂട്ടിരിപ്പുകാരും ആവശ്യപ്പെടുന്നു.
"മരുന്നുകൾ ഇല്ലാത്ത വിഷയം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് അടിയന്തരമായി പരിശോധിക്കും," എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി. തോമസ് ജേക്കബ് അറിയിച്ചു.
ആശുപത്രികളിൽ മരുന്നില്ലാതായതോടെ സ്വകാര്യ മരുന്നു കമ്പനികളും വിതരണക്കാരും രോഗികളെ പിഴിഞ്ഞൂറ്റുകയാണ്. ഒരേ മരുന്നിന് പല വിലയാണ് കമ്പനികൾ പരമാവധി വിലയായി (MRP) നിശ്ചയിച്ചിരിക്കുന്നത്. കീമോതെറപ്പി മരുന്നായ 'സെടുക്സിമാബ് 100 എംഎൽ'-ന്റെ എംആർപി 90,000 രൂപയാണ്. ആശുപത്രി വളപ്പിലുള്ള ജില്ലാ ഹോസ്പിറ്റൽ സഹകരണ സംഘത്തിന്റെ നീതി സ്റ്റോറിൽ ഇൻഷുറൻസ് കാർഡുള്ളവർക്ക് ഇത് 43,000 രൂപയ്ക്ക് നൽകിയിരുന്നതാണ്. എന്നാൽ ഇൻഷുറൻസ് തുക ഇനത്തിൽ കോടികൾ സർക്കാരിൽ നിന്ന് കിട്ടാനുള്ളതിനാൽ അവരും ഇപ്പോൾ മരുന്ന് സ്റ്റോക്ക് ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. ഇതോടെ പൊതുവിപണിയിൽ രോഗികൾ ഇതിന് 50,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരുന്നു.
കാൻസർ ബാധിതർക്കുള്ള ഹോർമോൺ ചികിത്സയ്ക്കുള്ള കുത്തിവയ്പ്പുകൾക്ക് ഒരു ലക്ഷത്തോളം രൂപയാണ് വിപണിയിലെ വില. 'ബെവാസിസുമാബ് 400 എംജി' എന്ന മരുന്നിന് യഥാർഥ വില 8000 രൂപയിൽ താഴെയാണെന്നിരിക്കെ, കമ്പനികൾ 56,000 രൂപ വരെയാണ് എംആർപി ഇട്ടിരിക്കുന്നത്. ട്രാസ്റ്റുസുമാബ് (13,000– 58,000 രൂപ), സോൾഡ്രിന (3,000– 3,200 രൂപ), കാർബൊപ്ലാറ്റിൻ (600– 3300 രൂപ), ലെട്രസോൾ (സ്ട്രിപ്പിന് 40– 85 രൂപ), ടാമോക്സിഫെൻ (35 രൂപ വരെ), ട്രൈഫ്ലൂറിഡിൻ (3500– 10500 രൂപ) എന്നിവയെല്ലാം രോഗികൾ വൻവില കൊടുത്ത് പുറത്തുനിന്ന് വാങ്ങുകയാണ്.
മരുന്നു കമ്പനികളെ സഹായിക്കാൻ ചില ഇടനിലക്കാരും ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ആക്ഷേപമുണ്ട്. രോഗികളെ നിർബന്ധപൂർവ്വം ചില പ്രത്യേക സ്വകാര്യ സ്റ്റോറുകളിലേക്ക് ഇവർ പറഞ്ഞുവിടുന്നു. നിർദ്ധനരായ കാൻസർ രോഗികളുടെ ജീവൻ വച്ച് പന്താടുന്ന ഈ വിഷയത്തിൽ സർക്കാരിന്റെ അടിയന്തരവും ശക്തവുമായ ഇടപെടൽ ഉണ്ടാകണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.